Sub Lead

ഇരു കാലുകള്‍ നഷ്ടപ്പെട്ടിട്ടും തളര്‍ന്നില്ല; പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് ഡോ. റോഷന്‍ ജഹാന്‍

ഒന്നിനു പിറകെ ഒന്നായി എത്തിയ തിരിച്ചടികളെ അസാമാന്യ മനക്കരുത്ത് കൊണ്ട് മറികടന്ന് കുട്ടിക്കാലത്ത് താന്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഈ 29കാരി.

ഇരു കാലുകള്‍ നഷ്ടപ്പെട്ടിട്ടും തളര്‍ന്നില്ല; പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് ഡോ. റോഷന്‍ ജഹാന്‍
X

മുംബൈ: ചെറിയ ചെറിയ വൈതരണികള്‍ക്കു മുമ്പില്‍ പരാജയപ്പെട്ട് ജീവിതത്തില്‍നിന്നു തന്നെ ഒളിച്ചോടുന്നവര്‍ക്കു മുമ്പില്‍ ഒരു പാഠപുസ്തകമായി നിവര്‍ന്നു നില്‍ക്കുകയാണ് ജോഗേശ്വരി മുംബൈ നിവാസിയായ ഡോ. റോഷന്‍ ജഹാന്‍ ജവാദ് ഷെയ്ക്ക്. ഒന്നിനു പിറകെ ഒന്നായി എത്തിയ തിരിച്ചടികളെ അസാമാന്യ മനക്കരുത്ത് കൊണ്ട് മറികടന്ന് കുട്ടിക്കാലത്ത് താന്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഈ 29കാരി.

ഒരു ഡോക്ടറായി സമൂഹത്തിന് സേവനം ചെയ്യുകയെന്നതായിരുന്നു റോഷന്റെ ബാല്യകാല സ്വപ്‌നങ്ങളിലൊന്ന്. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ട്രെയിന്‍ അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെടുകയും രാജ്യത്തെ ഉദ്യോഗസ്ഥരും നിയമങ്ങളും വിലങ്ങ് തടി തീര്‍ത്തപ്പോഴും ഈ സ്വപ്‌നങ്ങളെ കൈഒഴിയാന്‍ റോഷന്‍ തയ്യാറായില്ല. ഒരു ഡോക്ടറാകാനുള്ള തന്റെ അടങ്ങാത്ത അത്യാസക്തിയെ പ്രതിസന്ധിക്കും തടഞ്ഞുനിര്‍ത്താനാവില്ലെന്ന് തെളിയിച്ചാണ് ഡോ. റോഷന്‍ ജഹാന്‍ ജവാദ് ഷെയ്ക്ക് പാത്തോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ചുറ്റുപാടുകളും നിയമങ്ങളും ബ്യൂറോക്രസിയും തനിക്ക് മുമ്പില്‍ പ്രതിസന്ധികളുടെ മഹാവലയം തീര്‍ത്തപ്പോഴും തന്റെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് എല്ലാ പ്രതിസന്ധികളേയും മറികടക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് 29കാരിയായ ഡോ. റോഷന്‍ ജഹാന്‍ ജവാദ് ഷെയ്ക്ക് പറയുന്നു.

എംഡി പാസായതില്‍ തനിക്ക് വളരെ സന്തോഷമുണ്ട്, ഏറെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ താന്‍ പാതി വഴിയില്‍ പിന്തിരിയില്ലെന്ന് എന്നോട് തന്നെ ഞാന്‍ ശപഥം ചെയ്തിരുന്നു- അവര്‍ പറഞ്ഞു.

റോഷന്‍ എല്ലായ്‌പ്പോഴും ഒരു യോഗ്യതയുള്ള വിദ്യാര്‍ത്ഥിയായിരുന്നു. 2008ല്‍ പത്താം ക്ലാസില്‍ 92.2 ശതമാനം മാര്‍ക്ക് നേടിയിരുന്നു.

അക്കൊല്ലം അന്ധേരിയിലെ സ്‌കൂള്‍ വിട്ട് സഹപാഠികള്‍ക്കൊപ്പം ജോഗേശ്വരിയിലേക്ക് ലോക്കല്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അവളുടെ ജീവിതത്തെ തന്നെ മാറ്റിറിച്ച ആ അത്യാഹിതം സംഭവിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് കാല്‍തെന്നി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ചലിക്കുന്ന ട്രെയിന്‍ അവളുടെ കാലുകള്‍ക്ക് മുകളിലൂടെയാണ് കടന്നുപോയത്. തുടക്ക് താഴെവച്ച് ഇരു കാലുകളും മുറിച്ച് മാറ്റേണ്ടി വന്നു.

വേദനകളുടെ ആ നാളുകളില്‍ കൂട്ടായുണ്ടായത് ബാന്ദ്രയിലെ അഞ്ജുമാനെ ഇസ്ലാം ഗേള്‍സ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു. തുടര്‍ന്ന് എംബിബിഎസ് പ്രവേശന പരീക്ഷ എഴുതുകയും യോഗ്യത നേടുകയും ചെയ്തു. പക്ഷേ, 70% വരെ വൈകല്യമുള്ളവര്‍ക്കു മാത്രമേ വൈദ്യശാസ്ത്രം പഠിക്കാന്‍ നിയമം അനുവദിക്കുന്നുള്ളു.റോഷന് 86 ശതമാനമാണ് വൈകല്യമുണ്ടായിരുന്നത്. എന്നാല്‍, തോറ്റ് കൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും അവള്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. ബോംബെ ഹൈക്കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസാണ് അവള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. റോഷന്‍ 2016ല്‍ സേത്ത് ജിഎസ് മെഡിക്കല്‍ കോളേജില്‍ (കെഇഎം ഹോസ്പിറ്റല്‍)നിന്ന് ഒന്നാം ക്ലാസ്സോടെ എംബിബിഎസ് പാസായി. തുടര്‍ന്ന് പ്രവേശന പരീക്ഷയില്‍ വിജയിക്കുകയും അതേ കോളേജില്‍ എംഡിക്ക് പ്രവേശനം നേടുകയും ചെയ്തു. പിജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാമതായിരുന്നു ഈ മിടുക്കി.

2019ല്‍, അവളുടെ പിജിയുടെ രണ്ടാം വര്‍ഷത്തില്‍, ദുരന്തം വീണ്ടും സംഭവിച്ചു. അസ്ഥിയില്‍ കാന്‍സറിന്റെ രൂപത്തിലാണ് ഇക്കുറി പ്രതിസന്ധിയെത്തിയത്. എന്നാലും റോഷന്‍ തോറ്റു പിന്‍മാറിയില്ല. ഇപ്പോഴും ചികില്‍സയിലാണ്.

ഗ്രാമീണമേഖലയില്‍ ഒരു ലബോറട്ടറിയും ഡയഗ്‌നോസ്റ്റിക് സെന്ററും ആരംഭിക്കാനാണ് തന്റെ പദ്ധതിയെന്നാണ് ഡോ. റോഷന്‍ പറയുന്നത്. തനിക്ക് സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍, താന്‍ അത് ആരംഭിക്കും. അതിലൂടെ നിര്‍ദ്ദനരായ ആളുകള്‍ക്ക് ചികില്‍സ ലഭ്യമാക്കാമെന്നാണ് അവരുടെ ആഗ്രഹം.പാവപ്പെട്ടവര്‍ക്ക് തന്റെ കേന്ദ്രത്തില്‍ ഇളവുകളും സൗജന്യ പരിശോധനയും ഉണ്ടാകുമെന്നും അവര്‍ പറയുന്നു.

വൈതരണികളെയൊക്കെ മറികടന്ന് തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് തന്റെ അസ്ഥിരോഗ ചികിത്സാ ഡോക്ടര്‍ സഞ്ജയ് കാന്താരിയ, കോടതിയില്‍ തനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി പി പാട്ടീല്‍, മെഡിക്കല്‍ വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്ത എംഎല്‍എ അമീന്‍ പട്ടേല്‍ എന്നിവരോടുള്ള അടങ്ങാത്ത കടപ്പാടും ഡോ. റോഷന്‍ പങ്കുവയ്ക്കുന്നുണ്ട്.

മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ജോഗേശ്വരിയിലെ ഒരു ചെറിയ കൂരയിലാണ്് റോഷന്‍ താമസിക്കുന്നത്. പച്ചക്കറിക്കച്ചവടക്കാരനാണ് പിതാവ്. സഹോദരന്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നു.

Next Story

RELATED STORIES

Share it