Sub Lead

രോഗം ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികള്‍; യുപിയില്‍ ആശങ്കയായി ഡെങ്കിയും വൈറല്‍പ്പനിയും പടര്‍ന്നുപിടിക്കുന്നു

രോഗം ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികള്‍; യുപിയില്‍ ആശങ്കയായി ഡെങ്കിയും വൈറല്‍പ്പനിയും പടര്‍ന്നുപിടിക്കുന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനിയും വൈറല്‍പ്പനിയും പടര്‍ന്നുപിടിക്കുന്നത് ആശങ്ക വിതയ്ക്കുന്നു. ഗുരുതരമായ വകഭേദം സംഭവിച്ച ഡെങ്കിപ്പനിയും വൈറല്‍പ്പനിയും ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് പടര്‍ന്നുപിടിക്കുന്നത്. ഇതുവരെ 60 പേരാണ് മരണപ്പെട്ടത്. ഇതില്‍ 40 പേരും കുട്ടികളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 കുട്ടികള്‍ രോഗം ബാധിച്ച് മരിച്ചു. 12,000 പേര്‍ രോഗം ബാധിച്ച് കിടപ്പിലായി. രോഗികളില്‍ ഏറെയും കുട്ടികളാണ്. സ്വകാര്യാശുപത്രികളിലെ ചികില്‍സാ നിരക്കിന്റെ വര്‍ധന മൂലം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്ക കിട്ടാത്ത അവസ്ഥയാണ്.

ഗാസിയാബാദ്, പ്രയാഗ്‌രാജ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രയാഗ്‌രാജ് ജില്ലയില്‍ ഇതുവരെ 97 ഡെങ്കി കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഈ 97 കേസുകളില്‍ ഒമ്പതോളം ഡെങ്കിപ്പനി രോഗികളെ ഇപ്പോള്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ നാനക് ശരണ്‍ ചൊവ്വാഴ്ച പ്രതികരിച്ചു. സംസ്ഥാനത്തുടനീളം കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ നഗരത്തില്‍ കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. പ്രയാഗ്‌രാജില്‍ ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ജില്ലയില്‍ ഇതുവരെ ഡെങ്കിപ്പനി മൂലം മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. വ്യാപനം തടയുന്നതിനായി അഡ്മിനിസ്‌ട്രേഷന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ഓഫിസര്‍ അറിയിച്ചു.

ഡോര്‍ ടു ഡോര്‍ സര്‍വേകള്‍ക്കായി ഞങ്ങള്‍ ഞങ്ങളുടെ ടീമുകളെ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. പതിവായി ലാര്‍വ സ്‌പ്രേകളും ഫോഗിങ്ങും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ഓരോ വീടുകളിലും പതിവായി സര്‍വേ നടത്താന്‍ 70 ജീവനക്കാരെ കൂടി ഭരണകൂടം നിയമിച്ചതായി അദ്ദേഹം പറഞ്ഞു. പ്രദേശങ്ങളിലെ ശുചിത്വവും ടീമുകള്‍ ശ്രദ്ധിക്കുന്നുണ്ട്. അവരുടെ ചുറ്റുപാടില്‍ ശുദ്ധമായ വെള്ളം മൂടുന്നത് സംബന്ധിച്ച് ഞങ്ങള്‍ ജനങ്ങളെ നിരന്തരം ബോധവത്കരിക്കുകയാണ്. കൂടാതെ മലിനമായ വെള്ളം ചുറ്റുപാടില്‍ ശേഖരിക്കപ്പെടാതിരിക്കാനും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വൈറല്‍ പനി പടരുന്നത് നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് നേരത്തെ അറിയിച്ചു.

14 വയസ്സുള്ള പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ മരിച്ചുവെന്ന് അഗര്‍ ഡിവിഷനല്‍ ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ എ കെ സിങ് പറഞ്ഞു. അയല്‍സംസ്ഥാനങ്ങളായ മഥുര, ആഗ്ര, മെയിന്‍പുരി എന്നിവിടങ്ങളിലും ചില കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ചികില്‍സയ്ക്കും പരിശോധനയ്ക്കും അമിതമായ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച മാധ്യമറിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നികിത കുഷ്‌വാഹ എന്ന പെണ്‍കുട്ടി ഡെങ്കി ബാധിച്ച് ഗുരുതരാവസ്ഥയിലായ തന്റെ അനുജത്തി 11 വയസുകാരി വൈഷ്ണവിക്ക് വേണ്ടി ആഗ്ര ഡിവിഷനല്‍ കമ്മീഷണര്‍ അമിത് ഗുപ്തയുടെ വാഹനത്തിന് മുന്നില്‍ ചാടിവീണു. 'എന്തെങ്കിലും ചെയ്യൂ സാര്‍, ഇല്ലെങ്കില്‍ അവള്‍ മരിക്കും. അവള്‍ക്ക് ചികില്‍സ ഉറപ്പാക്കണേ..' നികിത കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. പക്ഷെ അപേക്ഷയ്‌ക്കൊന്നും ഒരു ഫലവുമുണ്ടായില്ല.

ആശുപത്രിയില്‍ എത്തും മുമ്പ് ഗുരുതരാവസ്ഥയിലായ വൈഷ്ണവി വൈകാതെ മരണമടഞ്ഞതായി ഫിറോസാബാദ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സംഗീത അനിജ അറിയിച്ചു. എന്നാല്‍, വൈഷ്ണവിയുടെ കരള്‍ തകരാറിലായിരുന്നു. അതുമൂലം വീര്‍ത്ത് വല്ലാത്ത അവസ്ഥയിലായിരുന്നെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ നിരക്കുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിങ് പറഞ്ഞു. കാണ്‍പൂര്‍ ജില്ലയിലുടനീളം 103 ഡെങ്കിപ്പനി കേസുകള്‍ ഉണ്ടെന്ന് കാണ്‍പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സിഎംഒ) ഡോ. അശോക് ശുക്ല അറിയിച്ചു.

സിഎംഒ പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ഒമ്പത് ഡെങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു, മൊത്തം 103 കേസുകളില്‍ 80 എണ്ണം ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ജില്ലയിലുടനീളം യഥാക്രമം 206, 1025 പരിശോധനകള്‍ ഡെങ്കിപ്പനിക്കും മലേറിയയ്ക്കും നടത്തിയതായി റിപോര്‍ട്ട് വെളിപ്പെടുത്തി. ഗാസിയാബാദ് ജില്ലയില്‍ 21 സജീവ ഡെങ്കിപ്പനി കേസുകളുള്ളതായി ഗാസിയാബാദ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സിഎംഒ) ഡോ. ഭവതോഷ് ശംഖ്ധര്‍ അറിയിച്ചു. 21 സജീവ കേസുകളില്‍ ഒരു രോഗിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ബാക്കി 20 പേര്‍ സ്വകാര്യാശുപത്രികളില്‍ ചികില്‍സയിലാണെന്നും സിഎംഒ പറഞ്ഞു.

Next Story

RELATED STORIES

Share it