Sub Lead

കൊവിഡ് നിയമ ലംഘനം: ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

കൊറോണ വൈറസ് പരിശോധന നടത്തുന്നവരെ കുറിച്ച് ഔദ്യോഗിക സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സര്‍ ഗംഗാ റാം ആശുപത്രി(എസ്ജിആര്‍എച്ച്) അധികൃതര്‍ ഇത്തരത്തില്‍ ചെയ്തില്ലെന്നാണ് പരാതി

കൊവിഡ് നിയമ ലംഘനം: ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് പരിശോധനയ്ക്കുള്ള നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിക്കെതിരേ കേസെടുത്തു. നഗരത്തിലെ സര്‍ ഗംഗാ റാം ആശുപത്രിക്കെതിരേയാണ് പോലിസ് കേസെടുത്തത്. ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പരാതിയിലാണ് സ്വകാര്യ ആശുപത്രിയിലെ കണ്ടാലറിയാവുന്നവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊറോണ വൈറസ് പരിശോധന നടത്തുന്നവരെ കുറിച്ച് ഔദ്യോഗിക സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സര്‍ ഗംഗാ റാം ആശുപത്രി(എസ്ജിആര്‍എച്ച്) അധികൃതര്‍ ഇത്തരത്തില്‍ ചെയ്തില്ലെന്നാണ് പരാതി. കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ആര്‍ടി-പിസിആര്‍ ആപ്പ് സര്‍ ഗംഗാ റാം ആശുപത്രിയില്‍ പോലും ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.

കൊറോണ വൈറസ് രോഗികളുടെ ഡാറ്റ തല്‍സമയം ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ രേഖകളില്‍ പിശക് ഒഴിവാക്കണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ കൊവിഡ് 19 സൗകര്യവുമുള്ള എസ്ജിആര്‍എച്ച് അധികൃതര്‍ പ്രതികരിച്ചില്ല. അതിനിടെ, കൊവിഡ് 19 രോഗികള്‍ക്ക് പ്രവേശനം നിഷേധിച്ചെന്നും റിപോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്തെ ആശുപത്രികളില്‍ പരിശോധന ശക്തമാക്കിയിരുന്നു. കൊറോണ രോഗികള്‍ക്ക് കിടക്കകള്‍ക്ക് കൊടുക്കാതിരിക്കരുതെന്നും രോഗലക്ഷണങ്ങളുള്ള ആരെയും പിന്തിരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. ചില ആശുപത്രികള്‍ കൊവിഡ് 19 രോഗികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. സ്വാധീനം ഉപയോഗിച്ച് കിടക്കകളുടെ ബ്ലാക്ക് മാര്‍ക്കറ്റിങ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. കിടക്കകള്‍ ലഭ്യമായിട്ടും രോഗികളെ നിരസിക്കുന്നവര്‍ക്കെതിരേ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില ആശുപത്രികള്‍ സര്‍ക്കാരിന്റെ കൊറോണ വൈറസ് ട്രാക്കിങ് ആപ്ലിക്കേഷന്റെ വിവരങ്ങള്‍ കൃത്യസമയം അപ്‌ഡേറ്റ് ചെയ്യുകയോ രോഗികള്‍ വിളിക്കുമ്പോള്‍ കിടക്കകളുടെ ലഭ്യതയെക്കുറിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നതാണ് പ്രശ്‌നമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it