Sub Lead

ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ മുന്‍ മേധാവി ആകാര്‍ പട്ടേലിനെതിരായ ലുക്ക് ഔട്ട് നോട്ടിസ് ഉടന്‍ പിന്‍വലിക്കണം; സിബിഐയ്ക്ക് ഡല്‍ഹി കോടതിയുടെ നിര്‍ദേശം

ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ മുന്‍ മേധാവി ആകാര്‍ പട്ടേലിനെതിരായ ലുക്ക് ഔട്ട് നോട്ടിസ് ഉടന്‍ പിന്‍വലിക്കണം; സിബിഐയ്ക്ക് ഡല്‍ഹി കോടതിയുടെ നിര്‍ദേശം
X

ന്യൂഡല്‍ഹി: രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകാര്‍ പട്ടേലിനെതിരേ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് ഉടന്‍ പിന്‍വലിക്കണമെന്ന് സിബിഐയോട് ഡല്‍ഹി കോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്കകം കംപ്ലയിന്‍സ് റിപോര്‍ട്ട് സമര്‍പ്പിക്കാനും സിബിഐയോട് കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സിബിഐക്ക് ഡല്‍ഹി കോടതി ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടിസ് ചോദ്യം ചെയ്തും അമേരിക്കയിലേക്ക് പോവാന്‍ അനുമതി തേടിയും ആകാര്‍ പട്ടേല്‍ നല്‍കിയ ഹരജിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് നേരത്തെ മാറ്റിവച്ചിരുന്നു.

റോസ് അവന്യൂ കോടതിയിലെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പവന്‍ കുമാറാണ് കേസ് പരിഗണിച്ചത്. നേരത്തെ പട്ടേലിന്റെ ഹരജിയില്‍ ബുധനാഴ്ച കോടതി സിബിഐയുടെ പ്രതികരണം തേടിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയിലേക്ക് പോവാനെത്തിയ ആകാര്‍ പട്ടേലിനെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ബംഗളൂരു വിമാനത്താവളത്തില്‍ സിബിഐ തടഞ്ഞത്. 2019 ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) ലംഘനവുമായി ബന്ധപ്പെട്ട് വിദേശ ഫണ്ടിങ്ങില്‍ ക്രമക്കേട് ആരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു സിബിഐയുടെ നടപടി. 2019ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആംനെസ്റ്റിക്കെതിരേ പരാതി നല്‍കിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ 10 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി ആംനസ്റ്റി ഇന്ത്യ ലണ്ടനിലെ ഓഫിസില്‍ നിന്ന് സ്വീകരിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആംനെസ്റ്റി ഇന്ത്യയിലേക്ക് മറ്റൊരു 26 കോടി രൂപ കൂടി എത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടേലിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച കാര്യം സിബിഐക്ക് മുന്‍കൂട്ടി അറിയിക്കാമായിരുന്നുവെന്ന് ആകാര്‍ പട്ടേലിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് മീര്‍ കോടതിയില്‍ പറഞ്ഞു.

സ്വാധീനമുള്ള ആളായതിനാല്‍ രാജ്യം വിടാനും അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനും സാധ്യതയുള്ളതിനാലാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതെന്നായിരുന്നു സിബിഐയുടെ വാദം. അന്വേഷണത്തില്‍ സിബിഐ മാനുവലിന്റെയും ധാര്‍മികതയുടെയും ലംഘനമുണ്ടായിട്ടുണ്ടെന്ന് അഭിഭാഷകന്‍ ആരോപിച്ചു. ആകാര്‍ പട്ടേലിനെതിരായ ലുക്ക് ഔട്ട് നോട്ടിസുമായി ബന്ധപ്പെട്ട ഡല്‍ഹി കോടതിയില്‍ വിശദമായ വാദങ്ങളാണ് നടന്നത്.

ആകാര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് പുറത്ത് നല്ല ബന്ധവും സ്വാധീനവുമുള്ള വ്യക്തിയാണ്. പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം രാജ്യം വിടാനുള്ള സാധ്യതയുണ്ടായിരുന്നു. അതനുസരിച്ച് കുറ്റാരോപിതനായ ആകാര്‍ പട്ടേലിനെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ സിബിഐ നിര്‍ദേശിച്ചു- ആകാര്‍ പട്ടേലിന്റെ ഹരജിയില്‍ സിബിഐ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. പട്ടേലിന്റെ അറസ്റ്റ് ആവശ്യപ്പെടുന്നില്ല. എന്നാല്‍, രാജ്യം വിട്ടുപോവരുതെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സിബിഐ ചൂണ്ടിക്കാട്ടി.

അന്വേഷണത്തിനിടെ അവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഞാന്‍ ആദ്യമായി നോട്ടിസ് നല്‍കിയപ്പോള്‍ അദ്ദേഹം തിരക്കിലായിരുന്നു. അതുകൊണ്ട് വീണ്ടും നോട്ടിസ് പുറപ്പെടുവിച്ചു. അപ്പോഴാണ് അദ്ദേഹം അന്വേഷണവുമായി സഹകരിച്ചത്. ഇത് കൂടാതെ മറ്റെന്തെങ്കിലും നോട്ടീസ് നല്‍കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.

ചില രേഖകള്‍ ആവശ്യപ്പെട്ട് പട്ടേലിന് കത്ത് നല്‍കിയിരുന്നു. അവ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടുപോയെന്നും സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രേഖകള്‍ ആവശ്യമില്ലെന്ന് അവര്‍ക്ക് അനുമാനിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. അതിന് 'പൂര്‍ണമായി കഴിയില്ല' എന്ന് സിബിഐ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കുന്നത് സംബന്ധിച്ച് കോടതിയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സിബിഐയ്ക്കായില്ല.

Next Story

RELATED STORIES

Share it