Big stories

അപകീര്‍ത്തികേസ്; രാഹുല്‍ ഗാന്ധിയുടെ ശിക്ഷയ്ക്ക് സ്റ്റേ ; എം പി സ്ഥാനം തിരികെ ലഭിക്കും

സമൂഹത്തിന് എതിരായ കുറ്റമല്ല ചെയ്തത്.

അപകീര്‍ത്തികേസ്; രാഹുല്‍ ഗാന്ധിയുടെ ശിക്ഷയ്ക്ക് സ്റ്റേ ;  എം പി സ്ഥാനം തിരികെ ലഭിക്കും
X

ഡല്‍ഹി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാന്‍ ഇടയാക്കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം. 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

ഇന്ന് സുപ്രീം കോടതിയില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം,പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

രാഹുലിനായി മനു അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ വാദിച്ചത്. ഇരു വിഭാഗങ്ങള്‍ക്കും വാദിക്കാന്‍ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. മോദി സമുദായത്തിന്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീര്‍ത്തി പെടുത്താനാണ് പരാമര്‍ശം എന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.

സമൂഹത്തിന് എതിരായ കുറ്റമല്ല ചെയ്തത്. 2 വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ നല്‍കാന്‍ മാത്രമുള്ള ഗുരുതരമായ കുറ്റമല്ല ചെയ്തത്. ധാര്‍മിക തലമുണ്ടെന്ന് വിചാരണ കോടതി പറയുന്നു. താന്‍ ഒരു കുറ്റവാളി അല്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് ബി ജെ പിക്കാര്‍ മാത്രമാണ് പരാതിക്കാരാകുന്നത്. ഇത് എന്തുകൊണ്ടാണ്? ഹൈക്കോടതി ജഡ്ജി 66 ദിവസം വിധി പറയാന്‍ മാറ്റി. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാത്തത് അവര്‍ക്ക് വിജയ സാധ്യതയില്ലാത്ത് കൊണ്ടാണെന്ന് രാഹുല്‍ വാദിച്ചയുടന്‍ രാഷ്ട്രീയ വാദങ്ങള്‍ വേണ്ടെന്നും നിയമവശം മാത്രം പറഞ്ഞാല്‍ മതിയെന്നും സുപ്രീം കോടതി നിലപാടെടുത്തു. അപകീര്‍ത്തി കേസിലെ വിധിയിലൂടെ രണ്ട് ലോക്‌സഭാ സെഷനുകള്‍ നഷ്ടമായെന്ന് രാഹുല്‍ തുടര്‍ന്ന് വാദിച്ചു.

പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ മഹേഷ് ജത് മലാനിയാണ് ഹാജരായത്. യഥാര്‍ത്ഥ വിഷയങ്ങള്‍ പറയുന്നില്ലെന്നും രാഹുല്‍ നടത്തിയ 50 മിനിറ്റ് പ്രസംഗത്തിന്റെ പൂര്‍ണരൂപമുണ്ടെന്നും അദ്ദേഹം വാദിച്ചു. മനപൂര്‍വ്വമാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു. വാക്കുകളില്‍ ഇത് ഒളിച്ചു കടത്തി. പ്രസംഗം ഓര്‍മ്മയില്ലെന്ന് രാഹുല്‍ പറഞ്ഞത് നുണയാണെന്നും അവര്‍ വാദിച്ചു. ഈ ഘട്ടത്തില്‍ ഒരു ദിവസം അമ്പത് പ്രസംഗം നടത്തുന്നവര്‍ എല്ലാം എങ്ങനെ ഓര്‍ത്തിരിക്കുമെന്ന് കോടതി ചോദിച്ചു.

വിചാരണ കോടതി രണ്ട് വര്‍ഷം എന്ന പരാമവധി ശിക്ഷയാണ് നല്‍കിയതെന്ന് പരാതിക്കാര്‍ വാദിച്ചു. തിരിച്ചറിയപ്പെടുന്ന സമുദായത്തെ ആകെ അധിക്ഷേപിച്ചതാണ് കുറ്റം. 9 സാക്ഷികളും ഇത് അംഗീകരിക്കുന്നു. ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന കോടതി വിധി പിന്‍വാതിലിലൂടെ അട്ടിമറിക്കുന്നതാകും സ്റ്റേയെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് പ്രശ്‌നമല്ലേയെന്ന് കോടതി ചോദിച്ചു.

വിചാരണ കോടതി രണ്ട് വര്‍ഷം എന്ന പരാമവധി ശിക്ഷയാണ് നല്‍കിയതെന്ന് പരാതിക്കാര്‍ വാദിച്ചു. തിരിച്ചറിയപ്പെടുന്ന സമുദായത്തെ ആകെ അധിക്ഷേപിച്ചതാണ് കുറ്റം. 9 സാക്ഷികളും ഇത് അംഗീകരിക്കുന്നു. ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന കോടതി വിധി പിന്‍വാതിലിലൂടെ അട്ടിമറിക്കുന്നതാകും സ്റ്റേയെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് പ്രശ്‌നമല്ലേയെന്ന് കോടതി ചോദിച്ചു.

എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു വര്‍ഷവും 11 മാസവും ശിക്ഷിച്ചാല്‍ പോലും രാഹുല്‍ ഗാന്ധി അയോഗ്യനാവില്ലായിരുന്നു. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു.

സ്ഥിരമായി ഇത്തരം പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തുവെന്ന് പരാതിക്കാരന്‍ കുറ്റപ്പെടുത്തി. ചൗക്കി ദാര്‍ ചോര്‍ എന്ന പരാമര്‍ശവും കോടതിയില്‍ പരാതിക്കാരന്‍ ഉയര്‍ത്തി. റഫാല്‍ ഇടപാടില്‍ മോദി പണം കട്ടുവെന്ന് സുപ്രീം കോടതി പറഞ്ഞെന്ന് രാഹുല്‍ പ്രസംഗിച്ചുവെന്നും കോടതിയുടെ ഉത്തരവ് പോലും വളച്ചൊടിച്ചുവെന്നും രാഹുലിനെതിരെ പരാതിക്കാര്‍ ആരോപിച്ചു. കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി രാഹുലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിലെ പ്രസംഗത്തില്‍ രാഹുല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഒരു സന്ദേശം ഈ ശിക്ഷയില്‍ നിന്ന് ലഭിക്കണം. അതിനായി പരാമവധി ശിക്ഷയായ രണ്ട് വര്‍ഷം തന്നെ നല്‍കണമെന്നും അതില്‍ കുറവ് വരുത്തരുതെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

പരമാവധി ശിക്ഷ എന്തിനായിരുന്നുവെന്ന് ജസ്റ്റിസ് നരസിംഹ ഈ ഘട്ടത്തില്‍ ചോദിച്ചു. പിന്നാലെ അഞ്ച് മിനിറ്റ് നേരത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചേര്‍ന്ന കോടതി, അപകീര്‍ത്തി കേസില്‍ എന്തിനാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്ന് വിചാരണക്കോടതി വ്യക്തമാക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ശിക്ഷാ വിധി സ്റ്റേ ചെയ്തതായി അറിയിക്കുകയായിരുന്നു.





Next Story

RELATED STORIES

Share it