Sub Lead

ബലാല്‍സംഗ കൊലക്കേസിലെ 'ഇര' ജീവനോടെ തിരിച്ചെത്തി; നാല് മുസ്ലിം യുവാക്കള്‍ക്ക് 20 മാസത്തിന് ശേഷം ജാമ്യം

ബലാല്‍സംഗ കൊലക്കേസിലെ ഇര ജീവനോടെ തിരിച്ചെത്തി; നാല് മുസ്ലിം യുവാക്കള്‍ക്ക് 20 മാസത്തിന് ശേഷം ജാമ്യം
X

ഇന്‍ഡോര്‍: ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്നെന്ന കേസിലെ 'പ്രതികളായ' നാല് മുസ്‌ലിം യുവാക്കള്‍ക്ക് 20 മാസത്തിന് ശേഷം ജാമ്യം. ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടെന്ന് പോലിസ് പറഞ്ഞ യുവതി ജീവനോടെ തിരിച്ചുവന്നതാണ് ഷാറൂഖ്, ഇമ്രാന്‍, സോനു, ഇജാസ് എന്നിവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്.

2023 സെപ്റ്റംബറിലാണ് മധ്യപ്രദേശിലെ ജബുവ ജില്ലയിലെ താണ്ഡ്‌ല പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലയും മുഖവും കല്ലു കൊണ്ട് അടിച്ചു തകര്‍ത്തിരുന്നു. താണ്ഡ്‌ലയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള മന്ദ്‌സോറിലെ ഒരു ഒരു ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇതെന്ന് പോലിസ് സംശയിച്ചു. കാലിലെ ചരടും ടാറ്റൂവും നോക്കി വീട്ടുകാര്‍ ഇത് സ്ഥിരീകരിച്ചു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.

പെണ്‍കുട്ടിയുടെ നാടായ ഗാന്ധിനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഭാന്‍പുരയില്‍ നിന്നാണ് നാലുപേരെയും പോലിസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തില്‍ പീഡനത്തിന്റെ സൂചനയും കണ്ടതോടെ ബലാല്‍സംഗക്കുറ്റവും ചേര്‍ത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ബലാല്‍സംഗം, കൊള്ള, എസ്.സി-എസ്.ടി പീഡന നിരോധന നിയമം എന്നിവ പ്രകാരമായിരുന്നു കേസ്. വീട്ടുകാര്‍ മൃതദേഹം കൊണ്ടുപോയി സംസ്‌കരിക്കുകയും ചെയ്തു.

പോലിസ് നല്‍കിയ കുറ്റപത്രത്തില്‍ കോടതി വിചാരണയും തുടങ്ങി. കേവലം ഒരു സാക്ഷിയെ മാത്രം വിസ്തരിക്കാന്‍ ബാക്കിയുള്ളപ്പോഴാണ് 'കൊല്ലപ്പെട്ട' ആദിവാസി യുവതി മാര്‍ച്ച് 11ന് പോലിസിന് മുന്നില്‍ ഹാജരായത്. ആധാറും വോട്ടറും ഐഡിയും എല്ലാമായാണ് യുവതി പോലിസ് സ്‌റ്റേഷനില്‍ ഹാജരായത്. താന്‍ കാമുകനൊത്ത് രാജസ്ഥാനിലെ കോട്ടയിലേക്കാണ് പോയതെന്നും അവിടെ വച്ച് കാമുകന്‍ തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റെന്നും യുവതി അവകാശപ്പെട്ടു. അയാളില്‍ നിന്ന് രക്ഷപ്പെട്ടാണ് നാട്ടില്‍ എത്തിയതെന്നും യുവതി വെളിപ്പെടുത്തി.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് നാലു പേര്‍ക്കും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. പോലിസ് തങ്ങളെ മര്‍ദ്ദിക്കുകയും നിരവധി വെള്ള കടലാസുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും ജാമ്യം കിട്ടിയ ശേഷം നാലു പേരും വെളിപ്പെടുത്തി.

''2023 സെപ്റ്റംബര്‍ 22ന് പുലര്‍ച്ചെ മൂന്നു മണിക്ക് പോലിസ് വീട്ടിലെത്തി. വാതില്‍ തുറന്നപ്പോള്‍ തന്നെ മര്‍ദ്ദിച്ചു. വലിച്ചിഴച്ച് പോലിസ് വാഹനത്തില്‍ കയറ്റി. അതിനുശേഷം ഇജാസിന്റെ വീട്ടിലേക്ക് പോയി. അവനെയും മര്‍ദ്ദിച്ച ശേഷം താണ്ഡ്‌ല പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വെള്ളക്കടലാസുകള്‍ തന്നു. അതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ഒരു പെണ്‍കുട്ടി അപകടത്തില്‍ മരിച്ച കേസാണെന്നും മൂന്നോ നാലോ ദിവസത്തില്‍ വെറുതെ വിടാമെന്നും പറഞ്ഞു. എന്നിട്ടും ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ ഐസ് കട്ടകളില്‍ കിടത്തി മര്‍ദ്ദിച്ചു. കാലുകളിലും അടിച്ചു. അവസാനം കടലാസുകളില്‍ ഒപ്പിടേണ്ടി വന്നു. അതിന് ശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന കേസില്‍ പ്രതിയാക്കി.''-ഷാറൂഖ് പറയുന്നു.

കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചുവന്നിരിക്കുമ്പോള്‍ കൊലക്കേസ് എങ്ങനെയാണ് നിലനില്‍ക്കുകയെന്ന് ഷാറൂഖിന്റെ അഭിഭാഷകനായ ഹിമാന്‍ഷു നാഗ്ഡ ചോദിച്ചു. എന്നാല്‍, കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചെന്നാണ് എസ്പി പദാം വിലോചന്‍ ശുക്ല പറയുന്നത്. ആദിവാസി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴി പ്രകാരമാണ് അന്വേഷണം നടത്തിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അഡീഷണല്‍ എസ്പി പ്രേം കുമാര്‍ കുര്‍വെ പറഞ്ഞു. മരിച്ചത് ആരെന്ന് കണ്ടെത്താനാണ് ഇനി ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. ജാമ്യം കിട്ടിയ നാലുപേരെ കുറിച്ച് സംസാരിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

Next Story

RELATED STORIES

Share it