Sub Lead

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: കമ്മീഷന്റെ കാലാവധി രണ്ടുമാസം നീട്ടി

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: കമ്മീഷന്റെ കാലാവധി രണ്ടുമാസം നീട്ടി
X

തിരുവനന്തപുരം: വാളയാര്‍ സ്‌റ്റേഷന്‍ പരിധിയിലെ രണ്ടു പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി കെ ഹനീഫ കമ്മീഷന്റെ കാലാവധി ഫെബ്രുവരി 25 മുതല്‍ രണ്ടു മാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന സാഹചര്യത്തില്‍ പ്രാദേശിക നിരീക്ഷണ സമിതി, ജില്ലാതല അധികൃത സമിതി എന്നിവ മൂന്നു വര്‍ഷ കാലാവധിക്കു മുമ്പ് പുനഃസംഘടിപ്പിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള മറ്റ് ചുമതലകള്‍ അദ്ദേഹം തുടര്‍ന്നും വഹിക്കും.

ന്യൂഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി(രണ്ട്)യുടെ അധിക ചുമതല അദ്ദേഹം വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ ഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി മാറ്റി നിയമിക്കും. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ വിക്രംജിത് സിങിനെ(ഐപിഎസ്) കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിക്കും.കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡില്‍ റഗുലര്‍ ചീഫ് ഓപറേറ്റിങ് ഓഫിസറെ നിയമിക്കും വരെ ചീഫ് ഓപറേറ്റിങ് ഓഫിസറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. ആറാം സംസ്ഥാന ധനകാര്യകമ്മീഷന്‍ അംഗമായി ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിങിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ മനോജ് ജോഷിക്ക് പകരമാണ് ഈ നിയമനം. സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളജുകള്‍, എയ്ഡഡ് ട്രെയിനിങ് കോളേജുകള്‍, എയ്ഡഡ് അറബിക് കോളജുകള്‍, എയ്ഡഡ് പോളിടെക്‌നിക്കുകള്‍, എയ്ഡഡ് എന്‍ജിനീയറിങ് കോളജുകള്‍ എന്നിവിടങ്ങളില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സമാശ്വാസ നിയമത്തിനായി തയ്യറാക്കിയ പദ്ധതിയുടെ കരട് മാര്‍ഗരേഖ അംഗീകരിച്ചു. തൃശൂര്‍ എസ്ആര്‍വി മ്യൂസിക് കോളജില്‍ ഒരു ഹെഡ് അക്കൗണ്ടന്റിന്റെയും ഒരു ക്ലാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.



Next Story

RELATED STORIES

Share it