Sub Lead

അതിസുരക്ഷാ ജയിൽ മനുഷ്യത്വ വിരുദ്ധമെന്ന് സാംസ്കാരിക പ്രവർത്തകർ

അന്തമാനിലെ സെല്ലുലാർ ജയിലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, സുപ്രീംകോടതി തന്നെ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തിയ ഏകാന്ത തടവിനെ തിരിച്ചു കൊണ്ടുവരുന്ന സർക്കാർ നടപടി തീർത്തും അപലപനീയമാണ്.

അതിസുരക്ഷാ ജയിൽ മനുഷ്യത്വ വിരുദ്ധമെന്ന് സാംസ്കാരിക പ്രവർത്തകർ
X

തൃശൂർ: തൃശൂർ വിയ്യൂരിൽ പുതുതായി ആരംഭിച്ച അതിസുരക്ഷാ ജയിൽ മനുഷ്യത്വ വിരുദ്ധമെന്ന് സാംസ്കാരിക പ്രവർത്തകർ. ജയിലിൽ സുരക്ഷയുടെ പേരിൽ മനുഷ്യത്വരഹിതമായ നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സാംസ്കാരിക പൗരാവകാശ പ്രവർത്തകരുടെ സംയുക്ത പ്രസ്താവന.

ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത നടപടികളാണ് തടവുകാർക്ക് മേൽ അടിച്ചേല്പിക്കപ്പെടുന്നത്. അന്തമാനിലെ സെല്ലുലാർ ജയിലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, സുപ്രീംകോടതി തന്നെ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തിയ ഏകാന്ത തടവിനെ തിരിച്ചുകൊണ്ടുവരുന്ന സർക്കാർ നടപടി തീർത്തും അപലപനീയമാണ്. സുരക്ഷയുടെ പേരിൽ തടവുകാരെ നിർബ്ബന്ധിതമായി നഗ്നരാക്കി പരിശോധനയ്ക്കു വിധേയരാക്കുന്നവെന്നും പ്രസ്താവനയിൽ പറയുന്നു.

ഒരാൾ തടവുകാരനാകുന്നതോടെ അയാൾക്കു മനുഷ്യാവകാശങ്ങൾ ഇല്ലാതാകുന്നില്ല എന്നും ജയിലിൻറെ പരിമിത വൃത്തത്തിനകത്തേക്കു അയാളുടെ അവകാശങ്ങൾ ചുരുക്കപ്പെടുന്നു എന്നേയുള്ളു എന്ന് സുപ്രീംകോടതി തന്നെ ചൂണ്ടികാണിച്ചിട്ടുള്ളതാണ്. ഭരണഘടനാധിഷ്ഠിതമായ നിയമവാഴ്ചക്കും ഇന്ത്യയിലെ ജയിലുകൾക്കുമിടയിൽ ഇരുമ്പുമറകളൊന്നുമില്ല എന്ന് കേരളാ സർക്കാരിനെ ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണെന്നും പ്രസ്താവന കൂട്ടിച്ചേർക്കുന്നു.

റിട്ടയേർഡ് ജസ്റ്റിസ് പികെ ഷംസുദ്ദീൻ, കെ സച്ചിദാനന്ദൻ, ബിആർപി ഭാസ്കർ, ഗ്രോ വാസു, എൻപി ചെക്കുട്ടി, ഡോ ടിടി ശ്രീകുമാർ തുടങ്ങി മനുഷ്യാവകാശ പൗരാവകാശ സാംസ്കാരിക പ്രവർത്തകർ പൊതുപ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ വിഷയങ്ങൾ ഉന്നയിച്ച് മാവോവാദി കേസുകളിൽ കുറ്റാരോപിതനായ രൂപേഷ് നേരത്തെ ജയിലിനകത്ത് നിരാഹാര സമരം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it