Sub Lead

യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
X

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടരന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി: ജെ കെ ദിനില്‍ കമ്മിഷണര്‍ക്ക് ഉടന്‍ റിപോര്‍ട്ട് നല്‍കും. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്വേഷണം. കൊലപാതകമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നത്.

പ്രത്യേക അന്വേഷണ സംഘം ഉടന്‍ രൂപീകരിക്കും. കേസ് അന്വേഷിച്ച തിരുവനന്തപുരം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ സംവിധായകയുടെ മരണം സംബന്ധിച്ച് റിപോര്‍ട്ട് കൈമാറിയിരുന്നു. ഇതില്‍ നയനസൂര്യയുടെ മരണം കൊലപാതകമാണെന്ന സംശയമുള്ളതായി പറയുന്നുണ്ട്. ഇതു കൂടാതെ ആദ്യഘട്ട അന്വേഷണത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലും ചില വീഴ്ചകള്‍ സംഭവിച്ചിതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്. നയനസൂര്യയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപികരിക്കുമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

സംവിധായകയുടെ മരണത്തില്‍ പോലിസിനെതിരേ ആരോപണവുമായി ബന്ധുക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹത ഇല്ലെന്നായിരുന്നു നേരത്തെ പോലിസിന്റെ വാദം. സ്വാഭാവിക മരണമാണെന്നാണ് പോലിസ് ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഉടന്‍തന്നെ ലഭ്യമായിരുന്നു. പോലിസിനെ വിശ്വസിച്ച് റിപോര്‍ട്ട് പരിശോധിച്ചില്ലെന്നും നയനയുടെ സഹോദരങ്ങള്‍ പറഞ്ഞു. 'അസുഖത്തെ തുടര്‍ന്ന് ആരും നോക്കാനില്ലാതെ നയന മരിച്ചെന്നാണ് കരുതിയത്. ഇപ്പോള്‍ തങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

പുറത്തുവരുന്ന വിവരങ്ങള്‍ കാണുമ്പോള്‍ ദുരൂഹത തോന്നുന്നു. നയനയുടെ കഴുത്ത് ഞെരിഞ്ഞിരുന്നതായും അടിവയറ്റില്‍ പാടുകള്‍ കണ്ടെത്തിയതായും റിപോര്‍ട്ടിലുണ്ട്. കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. നയനയുടെ ശരീരത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും അടിവയറ്റില്‍ ചവിട്ടേറ്റതുപോലെ ക്ഷതമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആല്‍ത്തറയിലുള്ള വാടകവീട്ടില്‍ വച്ച് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയം ഉയരുന്നത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it