Sub Lead

ജോലി സ്ഥലത്തെ 'പ്രതികൂല അന്തരീക്ഷം' പോഷ് നിയമത്തിന്റെ പരിധിയില്‍ വരില്ല: കേരള ഹൈക്കോടതി

ജോലി സ്ഥലത്തെ പ്രതികൂല അന്തരീക്ഷം പോഷ് നിയമത്തിന്റെ പരിധിയില്‍ വരില്ല: കേരള ഹൈക്കോടതി
X

കൊച്ചി: ലൈംഗികമായ മോശം പെരുമാറ്റമോ ലൈംഗികപരമായ സൂചനകളോ ഇല്ലാത്ത തൊഴിലിടത്തിലെ 'പ്രതികൂല അന്തരീക്ഷം' പോഷ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേരള ഹൈക്കോടതി. പോഷ് നിയമപ്രകാരം രൂപീകരിച്ച ഒരു ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ റിപോര്‍ട്ടും കേസെടുക്കണമെന്ന തിരുവനന്തപുരം ജില്ലാ കലക്ടറുടെ നിര്‍ദേശവും റദ്ദാക്കിയ സിംഗിള്‍ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

കമ്പനിയിലെ ജീവനക്കാരനായ ഒരാള്‍ ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പരാതിക്കാരി പറയുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്യായമായും ക്രൂരമായും പെരുമാറിയെന്നും ശമ്പളം നിഷേധിച്ചെന്നും ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. എന്നാല്‍, പോഷ് നിയമത്തിലെ രണ്ടാം വകുപ്പില്‍ പറയുന്ന ലൈംഗിക പീഡനങ്ങളില്‍ ഇത് ഉള്‍പ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങളെ തൊഴില്‍ത്തര്‍ക്കമായി മാത്രമേ കാണാനാവൂയെന്നും കോടതി വിശദീകരിച്ചു.

ആംസ്റ്റര്‍ ഐടി പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാരി ആദ്യം ലേബര്‍ കോടതിയെ സമീപിച്ചിരുന്നു. കമ്പനിയുടെ എംഡിയായിരുന്നു ഒന്നാം എതിര്‍കക്ഷി. അതിനിടെ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ജില്ലാ കലക്ടര്‍ പരാതി പോഷ് നിയമപ്രകാരമുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിക്ക് കൈമാറി. പരാതിയില്‍ ലൈംഗിക ഉള്ളടക്കങ്ങളുണ്ടെന്നാണ് ലോക്കല്‍ ലെവല്‍ കമ്മിറ്റി നിരീക്ഷിച്ചത്. പരാതിക്കാരിക്കെതിരേ എംഡി കിംവദന്തികള്‍ പ്രചരിപ്പിച്ചെന്ന ആരോപണം കണക്കിലെടുത്താണ് ലോക്കല്‍ ലെവല്‍ കമ്മിറ്റി ഈ നിലപാടിലെത്തിയത്. എംഡി തന്നോട് ഉച്ചത്തില്‍ സംസാരിച്ചെന്നും സ്ത്രീവിരുദ്ധമായ ഭാഷയില്‍ സംസാരിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍, എംഡി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നോ ലൈംഗികതാല്‍പര്യം കാണിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നോ ലൈംഗികമായ ആവശ്യങ്ങള്‍ ഉന്നയിച്ചെന്നോ ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തൊഴിലിടം ശത്രുതാപരമാക്കിയെന്ന ആരോപണം തൊഴില്‍ തര്‍ക്കമാണെന്നും അതിനെ പോഷ് നിയമത്തിന്റെ പരിധിയില്‍ കാണാനാവില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി അപ്പീലും തള്ളി.

Next Story

RELATED STORIES

Share it