Sub Lead

തകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി ജനം നെട്ടോട്ടത്തില്‍

തകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി ജനം നെട്ടോട്ടത്തില്‍
X

ഇസ്‌ലാമാബാദ്: നാണ്യപ്പെരുപ്പം കുത്തനെ ഉയര്‍ന്നതോടെ പാക് ജനത കൊടും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഡോളറിനെതിരേ പാക് രൂപയുടെ വിനിമയനിരക്ക് കൂപ്പുകുത്തിയതോടെ പാകിസ്താന്‍ കടുത്ത പ്രതിസന്ധിയിലേക്കു പോവുകയാണെന്ന വാര്‍ത്തകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ദയനീയമായ സാമ്പത്തികാവസ്ഥയിലാണ് പാകിസ്താനുള്ളതെന്ന് ലോകബാങ്ക് തന്നെ വ്യക്തമാക്കുന്നു. ഡോളറിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. 24 രൂപയാണ് ഒറ്റദിവസംകൊണ്ട് കുറഞ്ഞത്. പുതിയ വിനിമയ നിരക്ക് സമ്പ്രദായം ആദ്യമായി അവതരിപ്പിച്ച 1999ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസത്തെ ഇടിവാണിത്. അതീവഗുരുതരമാണ് പാകിസ്താനിലെ നിലവിലെ സാമ്പത്തികസ്ഥിതിയെന്നാണ് വിലയിരുത്തല്‍. ഐഎംഎഫില്‍നിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിനുവേണ്ടി എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം. രൂപയുടെ മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും വിപണിശക്തികള്‍ സ്വയം വിനിമയനിരക്ക് നിര്‍ണയിക്കുമെന്നുമുള്ള ഐഎംഎഫ് നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് രൂപ തകര്‍ന്നടിഞ്ഞത്.

ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പങ്കുവച്ചിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെയാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു പാക്കറ്റ് ധാന്യപ്പൊടിക്ക് 3,000 പാക്ക് രൂപയ്ക്കുമേല്‍ ഉയര്‍ന്നു. 2022ല്‍ രാജ്യത്ത് വിലക്കയറ്റം 25% വരെ വര്‍ധിച്ചതായി പാകിസ്താന്‍ സ്‌റ്റേറ്റ് ബാങ്ക് തന്നെ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അരി, ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര, പച്ചക്കറികള്‍ക്കെല്ലാം തന്നെ രാജ്യത്ത് വില ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോഗ്രാം സവാളയ്ക്ക് 220.4 പാകിസ്താന്‍ രൂപയാണ് നിലവിലെ വില. ഇന്ധനവിലയില്‍ 61 ശതമാനത്തിന്റെ ഉയര്‍ച്ചയുമുണ്ടായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുമായി പോവുന്ന ട്രക്കുകള്‍ ജനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയോട് പാകിസ്താന്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it