Sub Lead

സിപിഎം ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: പോപുലര്‍ ഫ്രണ്ട്

പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ക്കു മേല്‍ ന്യൂനപക്ഷ വര്‍ഗീയത ആരോപിച്ച് ആര്‍എസ്എസിന്റെ ഹിന്ദുത്വ ഫാഷിസത്തിന് തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം നീക്കം ഇതിന്റെ ഭാഗമാണെന്നും യോഗം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സിപിഎം ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറുന്നതിന് ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ക്കു മേല്‍ ന്യൂനപക്ഷ വര്‍ഗീയത ആരോപിച്ച് ആര്‍എസ്എസിന്റെ ഹിന്ദുത്വ ഫാഷിസത്തിന് തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം നീക്കം ഇതിന്റെ ഭാഗമാണെന്നും യോഗം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ സംഘടനാ ശക്തിയും കേന്ദ്രഭരണത്തിന്റെ പിന്‍ബലവും കണ്ട് പകച്ചുനില്‍ക്കുന്ന സിപിഎം രാജ്യത്തെമ്പാടും ശക്തിപ്പെട്ടിരിക്കുന്ന ഹിന്ദുത്വഫാഷിസത്തിന്റെ ഭീകരത യാഥാര്‍ഥ്യബോധത്തോടെ തുറന്നുപറയാന്‍ ഭയപ്പെടുകയാണ്. അതുകൊണ്ടാണ് സംഘപരിവാരം സൃഷ്ടിച്ചെടുത്ത ഹിന്ദുത്വ പൊതുബോധത്തോട് ചേര്‍ന്നു നിന്നുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയതയെന്ന പറഞ്ഞുപഴകിയ സമീകരണവുമായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരിക്കുന്നത്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്തെ ഭരണം സിപിഎമ്മിനെ എത്രത്തോളം ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുന്നുവെന്ന് സംസ്ഥാന സമിതി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ നിന്നു വ്യക്തമാണ്. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും പാര്‍ട്ടി അധികാരകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ ഒരുതരത്തിലും ഉള്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നല്ലനടപ്പ് നിര്‍ദ്ദേശങ്ങള്‍ കീഴ്ഘടകങ്ങള്‍ക്കു നല്‍കാനുണ്ടായ സാഹചര്യം കൂടി പാര്‍ട്ടി വിശദീകരിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, ഭരണവൈകല്യത്തിന്റെ പേരില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകളേക്കാള്‍, ശബരിമലയിലെ നയവൈകല്യത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട ഭൂരിപക്ഷ സമുദായ വോട്ടുകളാണ് പാര്‍ട്ടിയെ വേവലാതിപ്പെടുത്തുന്നത്. അതിന് കോണ്‍ഗ്രസ് ദേശീയതലത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട മൃദുഹിന്ദുത്വ സമീപനത്തിലേക്ക് സിപിഎം ചുവടുമാറുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. സാമ്പത്തിക തട്ടിപ്പുകേസില്‍ വിദേശത്ത് അറസ്റ്റിലായ എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനകാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായ അസാധാരണ വേഗത്തിലുണ്ടായ നീക്കങ്ങള്‍ ഇതിന്റെ തെളിവാണ്. തുഷാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്കുണ്ടായ ആശങ്ക, പരാതിക്കാരനായ നാസില്‍ അബ്ദുല്ലയുടെ കാര്യത്തില്‍ ഉണ്ടായില്ല. മറിച്ച് വിദേശത്തു നടന്ന ഒരു കേസിന്റെ പേരില്‍ നാസിലിന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്താനുള്ള അമിതാവേശമാണുണ്ടായത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത വിവേചനത്തെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല.

രണ്ടാം മോദി സര്‍ക്കാരിന്റെ വരവോടെ അധികാര ദുര്‍വിനിയോഗവും ആള്‍ക്കൂട്ടക്കൊലകളും ജനാധിപത്യ ധ്വംസനങ്ങളും രാജ്യത്ത് വ്യാപകമായിരിക്കുകയാണ്. ഇതിനെതിരേ ദേശീയതലത്തില്‍ ക്രിയാത്മകമായ ചുവടുവയ്പു നടത്തുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ട പാര്‍ട്ടിയായ സിപിഎം സംസ്ഥാനത്ത് നിലനില്‍പ്പിനുള്ള അവസാനവഴിയെന്ന നിലയിലാണ് മൃദുഹിന്ദുത്വ സമീപനത്തെ കൂട്ടുപിടിക്കുന്നത്. ഇത് അത്യന്തം അപകടകരമാണെന്നും സെക്രട്ടേറിയറ്റ് യോഗം ചൂണ്ടിക്കാട്ടി.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദാലി, ടി കെ അബ്ദുസമദ് പങ്കെടുത്തു.

Next Story

RELATED STORIES

Share it