പി കെ രാഗേഷിനെ സിപിഎം സ്ഥലംമാറ്റി, അവിശ്വാസത്തില്‍ ലീഗിന്റെ അട്ടിമറി സാധ്യത;കണ്ണൂര്‍ കോര്‍പറേഷനില്‍ നാടകീയത

ഇടതുമുന്നണി നല്‍കിയ അവിശ്വാസത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാലാട് ഭാഗത്തുള്ള പ്രാദേശിക ലീഗ് നേതൃത്വം പരസ്യമായി രംഗത്തെത്തുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ബാങ്കില്‍ അക്കൗണ്ടന്റായ രാഗേഷിനെ മലയോര മേഖലയായ പേരാവൂരിലേക്കാണു സ്ഥലംമാറ്റിയത്.

പി കെ രാഗേഷിനെ സിപിഎം സ്ഥലംമാറ്റി, അവിശ്വാസത്തില്‍ ലീഗിന്റെ അട്ടിമറി സാധ്യത;കണ്ണൂര്‍ കോര്‍പറേഷനില്‍ നാടകീയത

കണ്ണൂര്‍: ഏക കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ നാലുവര്‍ഷം ഭരിച്ച ഇടതുഭരണത്തിനു അന്ത്യംകുറിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു. പഞ്ഞിക്കയില്‍ വാര്‍ഡില്‍ നിന്നു ജയിച്ച് എല്‍ഡിഎഫിനെ പിന്തുണച്ച പ്രഥമ മേയര്‍ പദവി സിപിഎമ്മിനു സമ്മാനിക്കുകയും ഡെപ്യൂട്ടി മേയറാവുകയും ചെയ്ത പി കെ രാഗേഷ്, പിന്തുണ പിന്‍വലിച്ച് യുഡിഎഫിനെ അനുകൂലിച്ചെങ്കിലും തുടര്‍നീക്കങ്ങള്‍ വിഷമവൃത്തത്തിലാക്കുകയാണ്. പിന്തുണ പിന്‍വലിച്ചതോടെ പ്രതികാര നടപടിയായി, കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ അക്കൗണ്ടന്റായ പി കെ രാഗേഷിനെ പേരാവൂരിലേക്ക് സിപിഎം സ്ഥലംമാറ്റി.


ഇതിനുപുറമെ രാഗേഷിനെതിരേ നിലപാട് കടുപ്പിച്ച് പ്രാദേശിക ലീഗ് നേതൃത്വം രംഗത്തെത്തുകയും ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരേ എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നതിനു പിന്നാലെയാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. മേയര്‍ക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ എല്‍ഡിഎഫിലെ ഇ പി ലതയ്ക്കു സ്ഥാനം നഷ്ടമായിരുന്നു. തര്‍ക്കം മറന്ന് കെ സുധാകരന്‍ എംപി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് രാഗേഷ് യുഡിഎഫിനെ പിന്തുണച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് സുമാ ബാലകൃഷ്ണന്‍ ആദ്യടേമിലും പിന്നീട് ലീഗിലെ സി സീനത്തും മേയറാവുമെന്നായിരുന്നു ധാരണ. ഡെപ്യൂട്ടി മേയര്‍ പദവിയില്‍ രാഗേഷ് തുടരുമെന്നുമായിരുന്നു ധാരണം. ഇതിനിടെ, മേയര്‍ പദവി നഷ്ടപ്പെട്ട എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കി. ഇടതുമുന്നണി നല്‍കിയ അവിശ്വാസത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചാലാട് ഭാഗത്തുള്ള പ്രാദേശിക ലീഗ് നേതൃത്വം പരസ്യമായി രംഗത്തെത്തുകയായിരുന്നു. പള്ളിക്കുന്ന് ബാങ്കുമായി ബന്ധപ്പെട്ട് രാഗേഷ് വിഭാഗവുമായുണ്ടായ അക്രമക്കേസുകളില്‍ ജില്ലാ ലീഗ് നേതൃത്വം തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും രാഗേഷുമായി ഒത്തുപോവാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്. ഇതിനിടെയാണ് തങ്ങളെ വഞ്ചിച്ച രാഗേഷിനെതിരേ കടുത്ത നിലപാടുമായി സിപിഎമ്മും രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലാ ബാങ്കില്‍ അക്കൗണ്ടന്റായ രാഗേഷിനെ മലയോര മേഖലയായ പേരാവൂരിലേക്കാണു സ്ഥലംമാറ്റിയത്.

ഏതായാലും ആഗസ്ത് 31ന് രാവിലെ 9നു നടക്കുന്ന അവിശ്വാസ പ്രമേയം സംബന്ധിച്ച കൗണ്‍സില്‍ യോഗത്തില്‍ നാടകീയ നീക്കങ്ങളുണ്ടാവുമെന്ന ആകാക്ഷ തുടരുകയാണ്. അവിശ്വാസ പ്രമേയത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി യുഡിഎഫ് അംഗങ്ങളില്‍ നിന്നു തന്നെ വോട്ട് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. പ്രമേയം പാസായാല്‍ രാഗേഷിനു കനത്ത തിരിച്ചടിയാവും. പ്രാദേശിക വിഷയങ്ങളുടെ പേരില്‍ രാഗേഷിനോട് എതിര്‍പ്പുള്ള കൗണ്‍സിലര്‍മാര്‍, പ്രത്യേകിച്ച് ലീഗ് പ്രതിനിധികള്‍ തിരിച്ചടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാഗേഷ് കോണ്‍ഗ്രസിലേക്ക് രാഗേഷ് തിരിച്ചുവരുന്നതില്‍ പാര്‍ട്ടിയിലും ചിലര്‍ക്ക് എതിര്‍പ്പുണ്ട്. സിപിഐയുടെ വെള്ളോറ രാജനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് കൊണ്ടുവരികയെന്നാണ് സൂചന. ആകെയുള്ള 55 കൗണ്‍സിലര്‍മാരില്‍ ഇരുമുന്നണികള്‍ക്കും 27 വീതം സീറ്റുകള്‍ ലഭിക്കുകയും കോണ്‍ഗ്രസ് വിമതനായി ജയിച്ച പി കെ രാഗേഷ് നിര്‍ണായകമാവുകയുമായിരുന്നു. നിലവില്‍ രാഗേഷ് ഉള്‍പ്പെടെ 28 അംഗങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ട്. എന്നാല്‍, ഒരംഗം മരണപ്പെട്ടതിനാല്‍ എല്‍ഡിഎഫിന് 26 കൗണ്‍സിലര്‍മാരുടെ പിന്തുണയാണുള്ളത്. പി കെ രാഗേഷ് പിന്തുണച്ചതിനാല്‍ രണ്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മേയര്‍ക്കെതിരായ അവിശ്വാസം പാസായത്.RELATED STORIES

Share it
Top