Sub Lead

'റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി വർ​ഗീയവാ​ദി'; ബഹിഷ്കരിക്കുമെന്ന് ബിനോയ് വിശ്വം

വർ​ഗീയവാ​ദിയായ ഒരാളെ മുഖ്യാതിഥിയാക്കുന്നത് റിപ്പബ്ലിക് ദിന പരേഡിന്റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി വർ​ഗീയവാ​ദി; ബഹിഷ്കരിക്കുമെന്ന് ബിനോയ് വിശ്വം
X

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റ് ജെയർ മെസിയാസ് ബോൾസോനാരോയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ബഹിഷ്കരിക്കുമെന്ന് സിപിഐ പാർലമെന്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. വർ​ഗീയവാ​ദിയായ ഒരാളെ മുഖ്യാതിഥിയാക്കുന്നത് റിപ്പബ്ലിക് ദിന പരേഡിന്റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് അദ്ദേഹം തേജസ് ന്യൂസിനോട് പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യാതിഥിയായി ബോൾസോനാരോ പങ്കെടുക്കുമെന്ന് അറിഞ്ഞതിൽ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വിശ്വം പറഞ്ഞു. ഇന്ത്യയിലെ കരിമ്പ്‌ കർഷകരുടെ സഹായത്തിന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ തയാറാകുന്നതിനെ എതിർത്ത ഭരണാധികാരി കൂടിയാണ് അദ്ദേഹം കത്തിൽ പറഞ്ഞു.

ബോൾസോനാരോയുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ആമസോൺ മഴക്കാടുകൾ കത്തുന്ന സമയത്ത് രണ്ട് മാസത്തിലേറെ ബോൾസോനാരോ നിസ്സംഗതയും നിഷ്‌ക്രിയത്വവും പാലിച്ചത് ആഗോള പരിസ്ഥിതിക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ ആ നടപടികളെ അപലപിക്കണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

ലോക വ്യാപാര സംഘടനയിൽ ബോൾസോനാരോ കൈക്കൊണ്ട നിലപാട് സർക്കാർ മറന്നതിൽ ഖേദമുണ്ടെന്ന് വിശ്വം പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാട് ഇന്ത്യയിലെ 5 കോടിയിലധികം കരിമ്പു കർഷക കുടുംബങ്ങളുടെ ഉപജീവനത്തിന് നേരിട്ടുള്ള ഭീഷണിയാണ്. ബോൾസോനാരോയെ ക്ഷണിച്ചത് സ്വന്തം പൗരന്മാരെയും അവരുടെ ദുരവസ്ഥയെയും പൂർണമായും അവഗണിക്കുന്നതായാണ് സൂചിപ്പിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it