Top

416 പേര്‍ക്കുകൂടി കൊവിഡ്, 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആശങ്ക ഒഴിയാതെ കേരളം

ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേര്‍ രോഗമുക്തരായി.

416 പേര്‍ക്കുകൂടി കൊവിഡ്, 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആശങ്ക ഒഴിയാതെ കേരളം

416 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 112 പേര്‍ രോഗമുക്തി നേടി. പുറത്തുനിന്ന് വന്നവരേക്കാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച ദിവസമാണിന്ന്. ഇന്ന് രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51 പേര്‍. സമ്പര്‍ക്കം 204. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട് 12, ഇടുക്കി 12, കോട്ടയം 7.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3.

കഴിഞ്ഞ 24 മണിക്കൂറിനകം 11,693 സാമ്പിളുകള്‍ പരിശോധിച്ചു. 1,84,112 പേരാണ് നിരീക്ഷണത്തിലുള്ളത്. 3517 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ആകെ 2,26,868 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4525 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 70,112 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 193.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന കേസുകളില്‍ നിന്നാണ് പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്ടുകള്‍ വരുന്നത്. മൊത്തം കേസുകളുടെ അനുപാതമായി സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്നത് അപകടകരമായ സാധ്യതയിലേക്കാണ് നയിക്കുക. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ ജൂണ്‍ പകുതിയില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27ന് 5.11 ശതമാനമായി. ജൂണ്‍ 30ന് 6.16 ശതമാനം. ഇന്നലെ അത് 20.64 ആയി ഉയര്‍ന്നിരിക്കുന്നു.

സാമൂഹ്യ വ്യാപനം ഒരു തര്‍ക്ക വിഷയമാക്കേണ്ടതില്ല. സാമൂഹ്യത്തില്‍ കൂടുതലാളുകള്‍ക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നത്. ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കോവിഡ് ആശുപത്രികളും അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ ഓരോ കോവിഡ് ആശുപത്രികളൂമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമ ഘട്ട ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സാ ഉറപ്പാക്കാന്‍ എ, ബി, സി എന്നിങ്ങനെ പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ ഏതാണ്ടെല്ലാം തന്നെ കോവിഡ് മഹാമാരിയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി കഴിഞ്ഞു. തുടക്കത്തില്‍ പിടിച്ചുനിന്ന ബംഗളൂരു പോലും കാലിടറുന്ന കാഴ്ചയാണ്. കഴിഞ്ഞ ദിവസം മാത്രം 1373 പുതിയ കേസുകളാണ് ആ നഗരത്തില്‍ ഉണ്ടായത്. ഇതുവരെ

13,882 രോഗികളും 177 മരണങ്ങളും ബംഗളൂരുവില്‍ ഉണ്ടായിക്കഴിഞ്ഞു. ചെന്നൈയില്‍ സ്ഥിതി അതിലും മോശമാണ്. 73,728 കേസുകളാണ് ഇതുവരെ അവിടെ ഉണ്ടായത്. കേരളത്തില്‍ രോഗബാധ ഉണ്ടായതിനു ശേഷമാണ് ഇവിടങ്ങളില്‍ ആദ്യത്തെ കേസുകള്‍ ഉണ്ടായതെന്ന് ഓര്‍ക്കണം.

ഇവിടങ്ങളിലൊക്കെ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ആദ്യം ഒരു ക്ളസ്റ്റര്‍ രൂപം കൊള്ളുകയും അതില്‍നിന്നും തുടര്‍ന്ന് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ ഉണ്ടാവുകയും അങ്ങനെ വലിയ വ്യാപനത്തിലേക്കെത്തുകയുമാണ് ചെയ്തത്. സമാനമായ ഒരു സാഹചര്യമാണ് സൂപ്പര്‍ സ്പ്രെഡ്. വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കരുതുന്നതിലും വേഗത്തില്‍ രോഗം പടര്‍ന്നുപിടിച്ചേക്കാം. ജനസാന്ദ്രത കൂടിയ കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇതു ഒട്ടാകെ വ്യാപിക്കാന്‍ അധിക കാലതാമസം വേണ്ടി വരില്ല. ഒരു വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ട സമയമാണിത്.

മാര്‍ച്ച് 24ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്ന കോവിഡ് കേസുകളുടെ എണ്ണം 519 ആയിരുന്നു. മരണസംഖ്യയാകട്ടെ 9ഉം. എന്നാല്‍ ഇന്നത്തെ ദിവസം ആ കേസുകളുടെ എണ്ണം 7,93,802 ആയി മാറിയിരിക്കുന്നു. 21,604 ആളുകള്‍ ഇതിനോടകം മരിച്ചു കഴിഞ്ഞു. നമ്മളെത്തി നില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴമെന്താണെന്ന് ഈ കണക്കുകള്‍ വിളിച്ചു പറയുന്നു.

രോഗം അതിന്‍റെ ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന ഈ സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയര്‍ത്താന്‍ നമ്മള്‍ തയ്യാറാകണം. പകരം ആ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി ആരും മുന്നോട്ടുപോകരുത്.

രോഗവ്യാപനത്തിന്‍റെ അവസ്ഥ അത്യന്തം ഗുരുതരമായി മാറിയ ഘട്ടത്തിലാണ് അപകടകരമായ ചില പ്രവണതകള്‍ ഉണ്ടാകുന്നത്. കോവിഡ് 19നെതിരായ നമ്മുടെ പോരാട്ടത്തെ അട്ടിമറിക്കുന്നതിനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീഴ്ത്തുന്നതിനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടിവന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗവ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കോവിഡ് 19 തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കംമൂലമാണ്. ഇന്നുമാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് വൈറസ് ബാധയുണ്ടായത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഈ ക്ലസ്റ്ററുകള്‍ എല്ലാം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

ഒരു പ്രത്യേക പ്രദേശത്ത് 50ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് 2 ലാര്‍ജ് കമ്യൂണിറ്റി ക്ളസ്റ്ററുകളാണ്. ആദ്യത്തേത് പൊന്നാനിയിലും രണ്ടാമത്തേത് തിരുവനന്തപുരം നഗരത്തിലെ മൂന്നു വാര്‍ഡുകളിലും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.

അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കുന്നു. അതായത് ആ പ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കകത്ത് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള വിശദമായ പരിശോധന നടത്തും. അതിനായി ടെസ്റ്റിങ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നും കണ്ടെത്തി അവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം.

അതിനായി സന്നദ്ധ വളണ്ടിയര്‍മാരെയും ഉപയോഗിക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ല. അതുപോലെത്തന്നെ സാനിറ്റൈസറുകളും മാസ്കുകളും ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തണം. ഈ കാര്യങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ക്ളസ്റ്റര്‍ മാനേജ്മെന്‍റ് ഫലപ്രദമായി നടപ്പിലാക്കേണ്ടത് സാമൂഹ്യവ്യാപനം തടയാന്‍ ആവശ്യമാണെന്ന് ഓരോരുത്തരും ഓര്‍ക്കണം.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്‍ഡക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്നും മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.

ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരില്‍ അടുത്തിടപഴകിയ 13 പേര്‍ക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ബോധവല്‍ക്കരണത്തിനു പുറമെ സാമൂഹ്യ സേവന തല്‍പ്പരരായ 2000 വളന്‍റിയര്‍മാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകള്‍ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷന്‍, ഫിഡല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു.

രോഗവ്യാപനം തടയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട വഴി എത്രയും പെട്ടെന്ന് തന്നെ സമൂഹത്തിലുള്ള രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടയുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട ആന്‍റിജന്‍ ടെസ്റ്റ് തന്നെയാണ് ഈ മേഖലയില്‍ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്നബാധിതമായ മൂന്നു വാര്‍ഡികളില്‍ നിന്നു മാത്രം 1192 ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 243 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തില്‍ നിന്നും രക്ഷിക്കുവാന്‍ 'പരിരക്ഷ' എന്ന പേരില്‍ റിവേഴ്സ് ക്വാറന്‍റൈന്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈന്‍മെന്‍റ് സോണില്‍ ആകെയുള്ള 31,985 ജനങ്ങളില്‍ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാന്‍ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി. ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുമ്പോഴാണ് തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ചിലര്‍ ഇറങ്ങുന്നത്.

ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ് നേതാക്കളാണ് അതിനു മുന്നില്‍ നില്‍ക്കുന്നത്. ഈ മേഖലയിലെ രോഗസാധ്യതയുള്ള ജനങ്ങളെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ പ്രചാരണം നടത്തുകയാണ്. ആന്‍റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ പോലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നു പോലും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ സഹായം കിട്ടും എന്ന ദുര്‍ബോധനപ്പെടുത്തലും നടന്നു.

ഇതിന്‍റെ ഫലമായി സ്ത്രീകളടക്കമുള്ള 100 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ 10.30ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടുകയുണ്ടായി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെളളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. അത്യാവശ്യ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും കടകള്‍ വൈകുന്നേരം വരെ തുറന്നുവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും പുറത്തു പോകുന്നതിന് അനുമതി നല്‍കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് ഔദ്യോഗികമായി വൈകുന്നേരങ്ങളില്‍ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിലേയും കണക്കുചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത്. ഇത് പൂന്തുറ നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചു.

വിവരം ലഭിച്ചയുടനെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കളക്ടര്‍, പൂന്തുറ പള്ളിവികാരി എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുകയുണ്ടായി.

പൂന്തുറയില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തിന്‍റെ പേരു പറയാന്‍ കഴിയില്ലല്ലൊ. പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നു തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല; മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അതിന്‍റേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യജീവന്‍ മുന്‍നിര്‍ത്തിയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്പ്പെടുത്താമെന്നു വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ മറ്റു മാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും.

രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലയിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയത്. ഇങ്ങനെ മാറ്റിയവരില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ചിലര്‍ ഉയര്‍ത്തിയത്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നു എന്നും പൂന്തുറയെ കരുവാക്കുന്നു എന്നും മറ്റൊരു പ്രചാരണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബാരിക്കേഡ് സൃഷ്ടിച്ച് അവരുടെ സഞ്ചാരം തടയാനും ശ്രമമുണ്ടായി. ഇതൊന്നും ആ പ്രദേശത്തെ ജനങ്ങള്‍ സ്വഭാവികമായി ചെയ്യുന്നതല്ല. കൃത്യമായ ലക്ഷ്യംവെച്ച് ചിലര്‍ ചെയ്യിക്കുന്നതാണ്. അതിനുപിന്നില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഉണ്ട് എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ ഭാഗവും പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്‍റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരു പോലെ രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

ആന്‍റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബറട്ടറിയില്‍ അയക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്‍റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും. അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.

ഇതുപോലെ ആന്‍റിബോഡീ ടെസ്റ്റുമുണ്ട്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്‍റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്‍റിബോഡി ടെസ്റ്റ് ചെയ്യുന്നത്.

കോവിഡ് സ്ക്രീനിങ്ങിനായി ആന്‍റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്‍റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തോടു തന്നെയുള്ള അക്രമവും വെല്ലുവിളിയുമാണ്.

ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല.

ഇന്ന് ഒരു മാധ്യമത്തില്‍ ഒരു ഡസന്‍ സ്ഥലത്തെ സമരങ്ങളുടെ ചിത്രം കണ്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ പാഞ്ഞടുക്കുകയും അലറിവിളിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങളുമുണ്ട്. സമരമെന്നാണ് അതിനെ അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് സമരമല്ല, ഈ നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്.

സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. സ്വന്തം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നിയമപാലകരെയും രോഗഭീഷണിയിലാക്കിക്കൊണ്ടാകരുത്. സ്വന്തം ആരോഗ്യനില പണയംവെച്ചു കൊണ്ടാകരുത്.

സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാനും മറ്റും വരുന്ന റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടാകരുത്. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്‍പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണം.

ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കും. ടെസ്റ്റ് ഏകോപനത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും സംസ്ഥാന-ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തില്‍ റോഡല്‍ ഓഫീസറെ നിയമിക്കും. റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാന്‍ നടപടിയെടുക്കും.

ഇതുവരെ 5,31,330 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 3,33,304 പേര്‍ തിരിച്ചെത്തി. 1,98,026 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ എത്തുന്നത് അവരെ ക്വാറന്‍റൈന്‍ ചെയ്യാനും മറ്റും തടസ്സമാകുന്നുണ്ട്. അതുകൊണ്ടാണ് രജിസ്ട്രേഷന് നിര്‍ബന്ധിക്കുന്നത്.

മാസ്ക് ധരിക്കാത്ത 5164 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കുന്നുണ്ട്. തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാര്‍ഡ്തല സമിതികള്‍ക്ക് ഇതില്‍ പ്രധാന പങ്കുവഹിക്കാനാകും. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും. മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചാണ്. അവര്‍ കഠിനാധ്വാനം ചെയ്യുകയാണ്. അതിനിടെ പലര്‍ക്കും രോഗബാധയുണ്ടാകുന്നു. പൊലീസിന്‍റെയും സന്നദ്ധ വളണ്ടിയര്‍മാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരുടെയും സ്ഥിതി ഇതുതന്നെയാണ്. അവര്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള ഉത്തരവാദിത്വം സമൂഹമാകെ ഏറ്റെടുക്കണം. സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതെ കര്‍മനിരതരായ അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

Next Story

RELATED STORIES

Share it