Sub Lead

കൊവിഡ് പ്രതിരോധം പ്രതിപക്ഷം അട്ടിമറിച്ചു; ആര്‍എസ്എസിന് വേണ്ടപ്പെട്ട നേതാവായി ചെന്നിത്തല മാറിയെന്നും കോടിയേരി

ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുക എന്ന രീതിയാണ് അവര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കൊവിഡ് പ്രതിരോധം പ്രതിപക്ഷം അട്ടിമറിച്ചു; ആര്‍എസ്എസിന് വേണ്ടപ്പെട്ട നേതാവായി ചെന്നിത്തല മാറിയെന്നും കോടിയേരി
X

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ നുണപ്രചരണം നടത്താന്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരേ ആക്രമണ തന്ത്രമാണ് ഇരുവരും അഴിച്ചുവിടുന്നത്. ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കുക എന്ന രീതിയാണ് അവര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം ഈ ശത്രുത കാണാം. എന്നാല്‍ കേരളത്തില്‍ അവര്‍ ഒരേ മനസോടെ ഒരേ അജണ്ടയാണ് നടപ്പാക്കുന്നത്.

രാവിലെ ബിജെപി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്ന അതേ കാര്യമാണ് ഉച്ചക്ക് പ്രതിപക്ഷനേതാവും പറയുന്നത്. ആര്‍എസ്എസിന് വേണ്ടപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയിരിക്കയാണ്. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തിലില്ലാത്ത ഒരു യുഡിഎഫ് ആണ് ആര്‍എസ്എസിന് ആവശ്യം. അതിനായി അവര്‍ ചെന്നിത്തലയെ പ്രോല്‍ഹിപ്പിക്കുന്നു. അത് ശരിയാണോയെന്ന് കോണ്‍ഗ്രസുകാരാണ് ആലോചിക്കേണ്ടത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ വേണമോയെന്നത് ഇന്ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തിലെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചാകും സര്‍ക്കാര്‍ തീരുമാനിക്കുകയെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാര്‍ ഈ നുണപ്രചാരങ്ങളുടേയും വിവാദങ്ങളുടേയും പിറകേ പോകാനില്ല. സമയബന്ധിതമായി വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പൊതുജനങ്ങള്‍ക്കായുള്ള ഒരു വികസന പദ്ധതികളും മാറ്റിവെയ്ക്കാനും തീരുമാനിക്കുകയില്ല. നുണപ്രചരണങ്ങളിലൂടെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ അവര്‍ക്ക്തന്നെ തിരിച്ചടിയായിരിക്കുകയാണ്. എന്‍ഐഎക്ക് എവിടെവേണമെങ്കിലും അന്വേഷിക്കാനുള്ള അധികാരമുണ്ട്. സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്തതുമാണ്. അന്വേഷണങ്ങളിലൂടെ സത്യാവസ്ഥ കണ്ടെത്തി പുകമറകള്‍ മാറുകയാണ് വേണ്ടത് എന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കരനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനേയോ പാര്‍ടിയേയോ ബാധിക്കില്ല. അത് വ്യക്തിപരമായി ശിവശങ്കരനെ മാത്രം ബാധിക്കുന്ന കാര്യമാണ്. പദ്ധതി നിര്‍വഹണങ്ങളില്‍ കണ്‍സള്‍ട്ടന്‍സിയെ പൂര്‍ണമായി ഒഴിവാക്കണമെന്ന നിര്‍ദേശം പാര്‍ടി ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്‍സള്‍ട്ടന്‍സികളെ തിരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം എന്നേയുള്ളൂ. കേരളത്തില്‍ കരുണാകരന്റെ കാലം മുതല്‍ കണ്‍സര്‍ട്ടന്‍സികള്‍ ഉണ്ട്. അയോധ്യ ക്ഷേത്ര നിര്‍മ്മാണ ഉള്‍പ്പെടെയുള്ളവയില്‍ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ട്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം ചേര്‍ന്നതില്‍ ഒരു ക്രമക്കേടും ഇല്ല. പാര്‍ടി പ്രവര്‍ത്തകരായ സ്റ്റാഫിന്റെ യോഗം മുന്‍കാലങ്ങളിലും ചേരാറുള്ളതാണ്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലെ പാര്‍ടി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരെ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കാനല്ലെ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ അന്വേഷണങ്ങളെ ഭയപ്പെടുന്നില്ല. ജഡീഷ്യല്‍ കമ്മീഷന്റെ മുന്നില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടി വന്ന മുഖ്യമന്ത്രിയും ഇവിടെ ഉണ്ടായിരുന്നില്ലേയെന്നും കോടിയേരി ചോദിച്ചു.

സംസ്ഥാനത്ത് കൊവിഡിനെതിരേ പ്രദേശികമായി പ്രതിരോധ നിര ഉയരേണ്ടതുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകള്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങള്‍ കൊവിഡിനെതിരെയുള്ള ജനജാഗ്രത ഇല്ലാതാക്കിയിട്ടുണ്ട്. അത് പാടില്ല. അകലം പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്നും കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it