Sub Lead

കൊവിഡ് സമ്പര്‍ക്ക വ്യാപനം: കൂടുതല്‍ ജാഗ്രത വേണമെന്ന് കണ്ണൂര്‍ കലക്ടറും എസ് പിയും

കൊവിഡ് സമ്പര്‍ക്ക വ്യാപനം: കൂടുതല്‍ ജാഗ്രത വേണമെന്ന് കണ്ണൂര്‍ കലക്ടറും എസ് പിയും
X

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷും ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് സംയുക്ത പ്രസ്താവന. അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതിനാല്‍ രാജ്യമാകെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തടസ്സപ്പെടാതിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. എന്നാല്‍ സമ്പര്‍ക്ക രോഗ വ്യാപനം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ജില്ലയില്‍ ശക്തമായ പ്രതിരോധ നടപടികളിലൂടെ ഇതുവരെ രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താനായിട്ടുണ്ട്. തുടര്‍ന്നും ഈ ജാഗ്രത വേണമെന്നും പ്രസ്താവയില്‍ വ്യക്തമാക്കി.

രോഗം വരാതിരിക്കാനുള്ള കരുതല്‍ ഓരോരുത്തരും കാണിക്കേണ്ട ഘട്ടമാണിത്. സ്വയം നിയന്ത്രണം പാലിക്കുകയാണ് ഇതില്‍ പ്രധാനം. അവശ്യം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. അങ്ങനെ പോവുമ്പോള്‍ തന്നെ ജനക്കൂട്ടങ്ങളില്‍ നിന്ന് കഴിയാവുന്നതും ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പലയിടത്തും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. കര്‍ശന നടപടി തന്നെ പോലിസിന്റെ ഭാഗത്തു നിന്നുണ്ടാവും. അതിനാല്‍ ഓരോ സ്ഥാപനത്തിലും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം പുലര്‍ത്തുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും വേണം. കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ള ചടങ്ങുകള്‍ മറ്റ് പരിപാടികള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും പ്രോട്ടോകോള്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കാനും എല്ലാവിഭാഗം ആളുകളും തയ്യാറാവണം. രാഷ്ട്രീയ, സാമൂഹിക സംഘടന നേതാക്കള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നോട്ടു വരണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Covid contact spread: Kannur Collector and SP urge more vigilance




Next Story

RELATED STORIES

Share it