Sub Lead

സംസ്ഥാനം പൂര്‍ണമായി അടച്ചിടണം: ഐഎംഎ

സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും വേണം

സംസ്ഥാനം പൂര്‍ണമായി അടച്ചിടണം: ഐഎംഎ
X

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പൂര്‍ണമായും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടാതെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് പരിശോധന നടത്താനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. സംസ്ഥാനം പരിപൂര്‍ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ എല്ലാവര്‍ക്കും ആഹാരവും അവശ്യസാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും വേണം. സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാം നിരയായി മാറ്റിനിര്‍ത്തിക്കൊണ്ട് പകര്‍ച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടാന്‍ നിലവില്‍ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയോട് ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും തിയേറ്റര്‍ മുറികളും ഇതിനായി സജ്ജമാക്കാന്‍ വേണ്ടിയുള്ള നിര്‍ദേശവും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള ഡോക്ടര്‍മാരോട് കഴിവതും രോഗം പകരാന്‍ സാധ്യതയുള്ള രംഗങ്ങളില്‍ നിന്നു മാറിനില്‍ക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് ആവശ്യമുള്ള മാസ്‌കുകളും മറ്റു സ്വകാര്യ സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്ത് ദൗര്‍ലഭ്യം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. എല്ലാവര്‍ക്കും ഹോം ഫോര്‍ റെന്റ് ഇന്‍ നടപടികള്‍ പാലിക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന 20ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും, സെക്രട്ടറി ഡോ. ഗോപി കുമാറും അറിയിച്ചു.


Next Story

RELATED STORIES

Share it