Sub Lead

രാജ്യത്ത് ഇന്നും കൊവിഡ് നിരക്കിൽ കുറവില്ല; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 96,982 പേർക്ക്

വരുന്ന മൂന്ന് ദിവസത്തിനകം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ആരോഗ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് സാഹചര്യങ്ങൾ കൂടിയാലോചന നടത്തും.

രാജ്യത്ത് ഇന്നും കൊവിഡ് നിരക്കിൽ കുറവില്ല; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 96,982 പേർക്ക്
X

ന്യൂഡൽഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 96,982 പേർക്ക് രോഗം സ്ഥിരീകരിച്ചു. 446 പേരാണ് ഇന്ന് മരണമടഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 1,26,86,049 പേർക്കാണ്. ഇതുവരെ മരണമടഞ്ഞത് 1,65,547 പേരാണ്. രാജ്യത്തെ ആക്‌ടീവ് കേസ് ലോഡ് 7.88,223 ആയി. രാജ്യത്ത് ഇന്ന് രോഗമുക്തി നേടിയത് 50,143 പേരാണ്. പരിശോധന നിരക്ക് കുറഞ്ഞതാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇന്നലത്തേതിലും കുറയാൻ കാരണം.

വരുന്ന മൂന്ന് ദിവസത്തിനകം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ആരോഗ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് സാഹചര്യങ്ങൾ കൂടിയാലോചന നടത്തും. വ്യാഴാഴ്‌ചയാണ് മുഖ്യമന്ത്രിമാരുമായുള‌ള യോഗം. കൊവിഡ് വാക്‌സിനേഷനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.

കൊവിഡ് വ്യാപനം ശക്തമായ മഹാരാഷ്‌ട്ര, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ എല്ലാ പ്രായത്തിലുള‌ളവർക്കും വാക്‌സിൻ ലഭ്യമാക്കണമെന്ന് ആവശ്യമുണ്ട്. നിലവിൽ 45 വയസിന് മുകളിലുള‌ളവർക്കാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. രാജ്യത്ത് പ്രതിദിന കണക്കിൽ ഏ‌റ്റവുമധികം കൊവിഡ് രോഗികളുണ്ടായിരുന്നത് ഇന്നലെയാണ്. 1,03,558 പേർക്കാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മഹാരാഷ്‌ട്ര,ഛത്തീസ്ഗഢ്, കർണാടകം, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്,മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ കൊവിഡ് നിരക്ക് കുറയാത്തതിനാൽ സ്‌കൂളുകൾ അടയ്‌ക്കുന്നതുൾപ്പടെ നടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5വരെ അവശ്യ സർവീസുകളല്ലാതെ അനുവദിക്കില്ല. ഏപ്രിൽ 30 വരെയാണ് നിയന്ത്രണം. 3548 പേർക്കാണ് ഇന്ന് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 15 മരണങ്ങളും റിപോർട്ട് ചെയ്‌തു. അതേസമയം രാജ്യത്ത് ആകെ എട്ട് കോടി കൊവിഡ് ‌വാക്‌സിനുകൾ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it