Sub Lead

ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി നിരാശാജനകം: പോപുലര്‍ ഫ്രണ്ട്

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി തന്നെയാണ് വിധി പ്രസ്താവത്തില്‍ പറഞ്ഞത്. ഇത്തരത്തില്‍ കേസുകളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥകളോടുമുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും.

ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി നിരാശാജനകം: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: കന്യാസ്ത്രീയെ നിരവധിതവണ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായിരുന്ന കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി നിരാശാജനകമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു.

കോടതിയില്‍ പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് കേസ് ദുര്‍ബലപ്പെടാന്‍ കാരണമായതെന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. മുമ്പ്, സ്വാധീനവും സഭയുമായി ബന്ധമുള്ളവരുമായ ആളുകളുടെ മേൽ ഉന്നയിച്ച അഭയ ഉൾപ്പടെയുള്ള കേസുകളുടെ നാൾവഴിയും അതിൻ്റെ അന്ത്യവും അധികാര കേന്ദ്രങ്ങളിൽ ഈ കൂട്ടുകെട്ട് എത്രമാത്രം ശക്തമാണെന്ന് തെളിയിക്കുന്നതാണ്.

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി തന്നെയാണ് വിധി പ്രസ്താവത്തില്‍ പറഞ്ഞത്. ഇത്തരത്തില്‍ കേസുകളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഭരണകൂടത്തോടും നീതിന്യായ വ്യവസ്ഥകളോടുമുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും.

അന്യായമായി തടഞ്ഞുവെക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ലൈംഗീകമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ഗുരുതര വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്നത്. ഇത്രയേറെ ഗുരുതരമായ കേസില്‍ കൃത്യമായ മെഡിക്കല്‍ തെളിവുകളടക്കം ഉണ്ടായിട്ടും പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി ആശ്ചര്യമുണ്ടാക്കുന്നതാണ്.

ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന ഇത്തരം ഇടപെടലുകള്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് മാത്രമല്ല, കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും കാരണമാവും. ഇരയായ കന്യാസ്ത്രീക്ക് നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവണം. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇരയ്ക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നുമുള്ള സിസ്റ്റര്‍ അനുപമ അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it