Sub Lead

ടെലികോം കമ്പനികള്‍ക്ക് കുടിശ്ശിക അടയ്ക്കാന്‍ 10 വര്‍ഷത്തെ സമയപരിധി അനുവദിച്ച് സുപ്രിംകോടതി

1.6 ലക്ഷം കോടി രൂപയാണ് ടെലികോം കമ്പനികള്‍ കുടിശിക ഇനത്തില്‍ അടയ്ക്കാനുള്ളത്.

ടെലികോം കമ്പനികള്‍ക്ക്  കുടിശ്ശിക അടയ്ക്കാന്‍ 10 വര്‍ഷത്തെ സമയപരിധി അനുവദിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്ക് കുടിശിക അടയ്ക്കാന്‍ 10 വര്‍ഷം സമയം അനുവദിച്ച് സുപ്രിംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്.

2021 മാര്‍ച്ച് 31ന് മുമ്പായി 10 ശതമാനം കുടിശിക തുക അടയ്ക്കണമെന്നും ബാക്കി കുടിശിക 2031 മാര്‍ച്ച് 21ന് മുമ്പ് അടയ്ക്കണമെന്നുമാണ് നിര്‍ദേശം. ഇനിയും വീഴ്ച വരുത്തിയാല്‍ കമ്പനികള്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.എജിആര്‍ കുടിശ്ശിക അടച്ച് തീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 20 വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 10 വര്‍ഷം സമയം മാത്രമേ നല്‍കാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. 1.6 ലക്ഷം കോടി രൂപയാണ് ടെലികോം കമ്പനികള്‍ കുടിശിക ഇനത്തില്‍ അടയ്ക്കാനുള്ളത്.

ഉത്തരവിന് പിന്നാലെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ വിപണിയില്‍ ഉയര്‍ന്നെങ്കിലും, വോഡഫോണ്‍ - ഐഡിയയുടെ ഓഹരികള്‍ തകര്‍ന്നു. 2019 ഒക്ടോബറിലാണ് സ്‌പെക്ട്രം ഉപയോഗത്തിന്റെ ലൈസന്‍സ് ഫീ ഇനത്തിലും സ്‌പെട്ക്ട്രം ഉപയോഗത്തിനുള്ള ചാര്‍ജ് ഇനത്തിലും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തുക തന്നെ ടെലികോം കമ്പനികള്‍ അടയ്ക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.

കേസ് പരിഗണിക്കവേ, ലോക്ക്ഡൗണ്‍ കാലത്ത് വലിയ ലാഭമുണ്ടാക്കിയ ടെലികോം കമ്പനികള്‍ എന്തുകൊണ്ട് സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക നല്‍കുന്നില്ല എന്ന് കോടതി ചോദിച്ചു. സ്‌പെക്ട്രം എജിആര്‍ കുടിശ്ശിക കണക്കാക്കുന്നതിനെക്കുറിച്ച് ഇനിയൊരു പുനഃപരിശോധന ഉണ്ടാകില്ലെന്നും കടുത്ത ഭാഷയില്‍ത്തന്നെ സുപ്രിംകോടതി വ്യക്തമാക്കി. 'ഒരു സെക്കന്റ് പോലും അതേക്കുറിച്ചുള്ള വാദം ഇനി കേള്‍ക്കില്ല', എന്നാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കൃഷ്ണമുരാരി എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്. നേരത്തേ ഈ കുടിശ്ശിക 'ഒറ്റ രാത്രി കൊണ്ട് അടച്ചുതീര്‍ക്കാന്‍ ഉത്തരവിടു'മെന്നടക്കം രൂക്ഷമായ ഭാഷയില്‍ കോടതി ടെലികോം കമ്പനികളെയും കേന്ദ്രസര്‍ക്കാരിനെയും ശാസിച്ചിരുന്നു. ഇത്ര വലിയ തുക വളരെ കുറച്ച് സമയത്തിനകം അടച്ചുതീര്‍ക്കാന്‍ ഉത്തരവിട്ടാല്‍, പിന്നെ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്ന് വോഡഫോണ്‍ - ഐഡിയ കോടതിയില്‍ വാദിച്ചിരുന്നു.




Next Story

RELATED STORIES

Share it