രാജ്യം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയിലെന്ന് കോണ്‍ഗ്രസ്

നല്ലൊരു ധനനയം പോലും കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല

രാജ്യം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കു സമാനമായ സ്ഥിതിയിലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കു സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും ഇത്തരം പരാജയങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ് വി പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം വാഹനവിപണിയിലെ ഇടിവും ചൂണ്ടിക്കാട്ടി. വാഹനവിപണിയിലെ കുത്തനെയുള്ള ഇടിവ് പെട്ടെന്നുണ്ടായതല്ല. ഒമ്പതു തവണയായാണ് വാഹനവിപണിയില്‍ 31 ശതമാനം ഇടിവുണ്ടായത്. 2018 ജൂലൈ മുതല്‍ 12, 13 മാസമായി വാഹനവിപണി ഇടിയുകയാണ്. ലോകത്തിലെ ഏറ്റവു വലിയ നാലാമത്തെ വാഹന വിപണിയായ ഇന്ത്യയിലാണ് ഇത്തരത്തില്‍ മാന്ദ്യം അനുഭവപ്പെട്ടിട്ടുള്ളത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തകര്‍ച്ചയും ധനക്കമ്മി വര്‍ധനവും മാന്ദ്യത്തെ അടിവരയിടുന്നതാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കുറയുക, തൊഴില്‍ ശക്തി കുറയുക, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മാന്ദ്യം, രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയവയും ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഒന്നാം മോദി സര്‍ക്കാരിനും രണ്ടാം മോദി സര്‍ക്കാരിനും ഇടയിലുള്ള കാലം പുരോഗതിയാണുണ്ടായതെന്ന അവകാശവാദം വിരോധാഭാസമാണ്. നല്ലൊരു ധനനയം പോലും കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഗൗരവത്തോടെ പരിഗണിക്കണം. ഇത്ര ദിവസങ്ങളായിട്ടും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്. നിരക്ക് വെട്ടിക്കുറയ്ക്കലിന്റെ മൂന്നിലൊന്ന് മാത്രമാണ് ബാങ്കുകള്‍ നടപ്പാക്കിയത്. ഇതില്‍ ഗണ്യമായ പങ്ക് ജനങ്ങളില്‍ എത്തിയിട്ടുമില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും ദയനീയാവസ്ഥയിലായിട്ടും എന്തുകൊണ്ടാണ് കാര്യമായ ഇടപെടലുകളില്ലാത്തത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞുവരികയാണ്. ഇപ്പോള്‍ തന്നെ ഒരു അമേരിക്കന്‍ ഡോളറിനു 71 ഇന്ത്യന്‍ രൂപയായി. അടുത്ത ആഴ്ചകളില്‍ ഇത് 72 രൂപയിലെത്തുമെന്നും അഭിഷേക് മനു സിങ് വി പറഞ്ഞു.
RELATED STORIES

Share it
Top