Sub Lead

രോഗം വരാതിരിക്കാന്‍ സുവിശേഷയോഗം; പങ്കെടുത്തവര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍, പാസ്റ്റര്‍ക്കെതിരേ കേസെടുത്തു

യോഗത്തില്‍ പങ്കെടുത്താല്‍ രോഗമുണ്ടാകില്ലെന്നായിരുന്നു ലീയുടെ അവകാശവാദം. മിശിഹാ ആണെന്ന് സ്വയം അവകാശപ്പെടുന്ന സുവിശേഷ പ്രചാരകനാണ് ഇയാള്‍.

രോഗം വരാതിരിക്കാന്‍ സുവിശേഷയോഗം; പങ്കെടുത്തവര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍, പാസ്റ്റര്‍ക്കെതിരേ കേസെടുത്തു
X
സോള്‍: ദക്ഷിണകൊറിയയില്‍ കൊറോണ വൈറസ് പടരാതിരിക്കാന്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ വൈറസ് ബാധ ലക്ഷണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രോഗം വരാതിരിക്കാനായി നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്ക് കൊറോണ ബാധ ലക്ഷമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

തുടര്‍ന്ന് സുവിശേഷയോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീക്കെതിരെ കേസെടുത്തു. ഷിന്‍ ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീയ്ക്കും 11 അനുയായികള്‍ക്കുമെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ സോള്‍ നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. മിശിഹാ ആണെന്ന് സ്വയം അവകാശപ്പെടുന്ന സുവിശേഷ പ്രചാരകനാണ് ഇയാള്‍. യോഗത്തില്‍ പങ്കെടുത്താല്‍ രോഗമുണ്ടാകില്ലെന്നായിരുന്നു ലീയുടെ അവകാശവാദം. ലീ മാന്‍ ഹീയുടെ സഭയിലെ 2,30,000ത്തോളം ആളുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രോഗലക്ഷണങ്ങളുള്ള നൂറുകണക്കിന് പേരെ കണ്ടെത്തിയത്. യോഗത്തില്‍ പങ്കെടുത്ത 61കാരിയായ വനിതാ അംഗത്തിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്.

കുറേയധികം സമാനമായ പരിപാടികളില്‍ പങ്കെടുത്ത ഈ സ്ത്രീ പരിശോധനയ്ക്ക് ആദ്യം വിസമ്മതിച്ചിരുന്നു. ലീ മാന്‍ ഹീയെയും പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരില്‍ കണ്ടിട്ടുള്ള തന്റെ പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കെടുത്താല്‍ കൊറോണ ബാധിക്കില്ലെന്നായിരുന്നു ലീ മാന്‍ ഹീയുടെ അവകാശവാദം. കഴിഞ്ഞ മാസമാണ് ഇത് പറഞ്ഞ് മത സമ്മേളനം ലീ മാന്‍ ഹീ നടത്തിയത്. ചട്ടങ്ങള്‍ തെറ്റിച്ചാണ് ഈ മതസമ്മേളനം നടത്തിയതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്നാണ് കേസ് അടക്കമുള്ള നടപടികളിലേക്ക് അധികൃതര്‍ കടന്നത്. കാര്യങ്ങള്‍ വഷളായതോടെ ലീ മാന്‍ ഹീ രാജ്യത്തോട് മാപ്പ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുട്ടുകുത്തി തലകുമ്പിട്ടാണ് ലീ മാന്‍ ഹീ മാപ്പ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ കൊവിഡ്19 ബാധിച്ച് 28 പേരാണ് ഇതുവരെ മരിച്ചത്. 3730 പേര്‍ ചികിത്സയിലാണ്.


Next Story

RELATED STORIES

Share it