Sub Lead

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ചൈനയിലെ വുഹാന്‍ തുടങ്ങിയ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ മറ്റ് ജീവനക്കാരോ സ്‌കൂളില്‍ പോകാന്‍ പാടില്ല.

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
X

തിരുവനന്തപുരം: കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇത്തരം കുടുംബങ്ങളില്‍ നിന്നും സ്‌കൂളില്‍ പോകുന്ന കുട്ടികളും ജീവനക്കാരുമുണ്ടാകാം. അവരുടേയും സ്‌കൂളിലെ മറ്റ് കുട്ടികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയിലെ വുഹാന്‍ തുടങ്ങിയ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ മറ്റ് ജീവനക്കാരോ സ്‌കൂളില്‍ പോകാന്‍ പാടില്ല. മടങ്ങിയെത്തിയവരുമായി ബന്ധപ്പെട്ട തീയതി മുതല്‍ 28 ദിവസം അവര്‍ വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഇവര്‍ക്കാര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക ചികിത്സാ സൗകര്യമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലേയോ ജില്ല, ജനറല്‍ ആശുപത്രികളിലേയോ ബന്ധപ്പെട്ട ഓഫിസറുമായി ബന്ധപ്പെടണം.

ഏതെങ്കിലും കുടുംബങ്ങള്‍ അവരുടെ ബന്ധുക്കളില്‍ ആരെങ്കിലും ആ പ്രദേശത്ത് നിന്നും മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളെ മറ്റ് ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റേണ്ടതാണ്. അതിലൂടെ നിരീക്ഷണം ഒഴിവാക്കാവുന്നതാണ്.

വുഹാനില്‍ നിന്നും മടങ്ങിയെത്തിയയാളുമായി ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ മറ്റൊരു വീട്ടില്‍ ബന്ധുവിനൊപ്പം താമസിക്കാനും സ്‌കൂളില്‍ പോകാനും കഴിയും. കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുള്ളവര്‍ നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയുള്ളവര്‍ മൂന്നു ദിവസത്തേക്ക് അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ സ്‌കൂളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശവും തേടാം. എല്ലാ തിങ്കളാഴ്ചകളിലും നോവല്‍ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള അവബോധ ക്ലാസുകള്‍ സ്‌കൂളുകളില്‍ നടത്തണം. പരീക്ഷാ സംബന്ധമായി കുട്ടികള്‍ക്കുണ്ടാകുന്ന ആശങ്കള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി നിര്‍ദേശങ്ങള്‍ നല്‍കും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാം.

Next Story

RELATED STORIES

Share it