Big stories

കൊവിഡ് 19: രാജ്യത്ത് മരിച്ചവരുടെ എണ്ണം 273; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 909 പേര്‍ക്ക്

കൊവിഡ് 19: രാജ്യത്ത് മരിച്ചവരുടെ എണ്ണം 273; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 909 പേര്‍ക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. എന്നാല്‍ രോഗം ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമുളവാക്കുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1761 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 187 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ചത്. ഇതില്‍ 138 കേസുകളും മുംബൈയിലാണ്. ഡല്‍ഹിയില്‍ മാത്രം പുതിയ 116 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഡല്‍ഹി. ഡല്‍ഹിയില്‍ ആകെ കൊവിഡ് കേസുകള്‍ 1069 ആയി. പുതിയതായി ഡല്‍ഹിയില്‍ അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ 19 ആയി. തമിഴ്‌നാട്ടില്‍ രോഗം ബാധിച്ച് ഇന്ന് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ മരണം 11 ആയി. തെലങ്കാനയില്‍ ഇന്ന് രണ്ട് പേരാണ് കൊവിഡ് രോഗം ബാധിച്ചു മരിച്ചത്. 16 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ 51 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ തെലങ്കാനയിലെ ആകെ കൊവിഡ് മരണങ്ങള്‍ 14 ആയി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ജാര്‍ഖണ്ഡ് ബോക്കാരോ ആശുപത്രിയിലെ 50 ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.

അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായിരുന്നു. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങിയേക്കും. കേന്ദ്ര മന്ത്രിമാരും ജോയിന്റ് സെക്രട്ടറി തലം മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരും നാളെ മുതല്‍ ഓഫിസുകളിലെത്തണമെന്ന് നിര്‍ദേശിച്ചതായാണ് വിവരം.







Next Story

RELATED STORIES

Share it