Sub Lead

ലോക്ക്ഡൗണ്‍: മെയ് നാലുമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുമെന്ന് കേന്ദ്രം

ലോക്ക്ഡൗണ്‍: മെയ് നാലുമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മെയ് 4ന് ശേഷം കൂടുതല്‍ ജില്ലകളില്‍ ഇളവുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് ട്വിറ്ററില്‍ അറിയിച്ചു. ലേക്ക് ഡൗണ്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മന്ത്രാലയം ഇന്ന് യോഗം ചേര്‍ന്നിരുന്നു. ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനാല്‍ രാജ്യത്തെ സ്ഥിതിയില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ട്. ഈ നേട്ടങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ലേക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് മൂന്നുവരെ കര്‍ശനമായി പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

അതേസമയം, കൊവിഡ് ബാധ രൂക്ഷമല്ലാത്ത മേഖലകളില്‍ ഇളവുകളും എന്നാല്‍ ഹോട്ട് സ്‌പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നുമാണ് അനൗദ്യോഗിക റിപോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിവിധ മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നടപടികളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി എടുക്കുമെന്നാണ് സൂചന.

രണ്ടാഴ്ച മുമ്പ് കൊവിഡ് ഹോട്ട് സ്‌പോട്ടുകള്‍ അഥവാ റെഡ് സോണുകള്‍ 170 ആയിരുന്നു. ഇപ്പോഴത് 129 ആയി കുറഞ്ഞു. എന്നാല്‍ ഇതേ കാലയളവില്‍ അണുബാധയില്ലാത്ത ജില്ലകളായ 'ഗ്രീന്‍ സോണു'കളുടെ എണ്ണം 325 ല്‍ നിന്ന് 307 ആയി കുറഞ്ഞു. 'ഓറഞ്ച് സോണുകള്‍' എന്നറിയപ്പെടുന്ന ഹോട്ട്‌സ്‌പോട്ട് ഇതര ജില്ലകളുടെ എണ്ണം 207 ല്‍ നിന്ന് 297 ആയി ഉയര്‍ന്നു. ലോക്ക് ഡൗണ്‍ മെയ് 3ന് ശേഷവും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഏതെങ്കിലും രൂപത്തില്‍ തുടരുമെന്നാണു സൂചന. മെയ് 15 വരെ നീട്ടണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രി സമിതി ശുപാര്‍ശ ചെയ്തിരുന്നു.


Next Story

RELATED STORIES

Share it