Big stories

കൊറോണ വ്യാപനം: അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തം; മലേറിയ മരുന്നിന്റെ കയറ്റുമതി വിലക്ക് ഇന്ത്യ പിന്‍വലിച്ചേക്കും

കൊറോണ വൈറസ് ബാധിത രോഗികളില്‍ ഫലപ്രദമാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ഇവയുടെ കയറ്റുമതി രാജ്യത്ത് ദൗര്‍ലഭ്യത സൃഷ്ടിക്കുമെന്ന ആശങ്കയെതുടര്‍ന്നാണ് ഇവ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്.

കൊറോണ വ്യാപനം: അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തം; മലേറിയ മരുന്നിന്റെ കയറ്റുമതി വിലക്ക് ഇന്ത്യ പിന്‍വലിച്ചേക്കും
X

ന്യൂഡല്‍ഹി: ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെതുടര്‍ന്ന് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ പിന്‍വലിച്ചേക്കും. കൊറോണ വൈറസ് ബാധിത രോഗികളില്‍ ഫലപ്രദമാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ഇവയുടെ കയറ്റുമതി രാജ്യത്ത് ദൗര്‍ലഭ്യത സൃഷ്ടിക്കുമെന്ന ആശങ്കയെതുടര്‍ന്നാണ് ഇവ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാവുകയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈഡ്രോക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാനുള്ള വിലക്ക് ഇന്ത്യ നീക്കാനൊരുങ്ങുന്നത്. ഇന്ന് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് 19 പ്രതിരോധത്തിന് സഹായകമെന്ന വിലയിരുത്തലിലാണ് മറ്റ് രാജ്യങ്ങള്‍ ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. അതേസമയം രാജ്യത്തിനാവശ്യമായ സ്റ്റോക്കുകള്‍ സംബന്ധിച്ച് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കഴിഞ്ഞ മാസം ഹൈഡ്രോക്സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് 19ന് ഫലപ്രദമെന്ന് സ്ഥിരീകരിച്ച വാക്സിനല്ല. എന്നാല്‍ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ഇന്ത്യ ഈ മരുന്നിന്റെ ലോകത്തെ തന്നെ ഏറ്റവും വലിയ നിര്‍മ്മാതാക്കളിലൊന്നാണ്. ഇതാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഹൈഡ്രോക്സിക്ലോറോക്വിന്നിനായി ഇന്ത്യയെ സമീപിക്കാന്‍ കാരണം. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ (മൂന്ന് ലക്ഷത്തോളം) റിപ്പോര്‍ട്ട് ചെയ്ത രാജ്യമായ യുഎസില്‍ 10,000ലധികം പേരാണ് ഇതുവരെ മരിച്ചത്. മലേറിയ മരുന്ന് അടക്കമുള്ളവയ്ക്ക് വലിയ ക്ഷാമമാണ് യുഎസ് നേരിടുന്നത്. റഷ്യയില്‍ നിന്നും മറ്റും യുഎസ് വിവിധ മരുന്നുകള്‍ വാങ്ങിയിരുന്നു.

മലേറിയ്ക്കുള്ള മരുന്നിനായുള്ള ആവശ്യകത ഉറപ്പുവരുത്തിയതിന് ശേഷമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു. ഇന്ത്യയില്‍ ആവശ്യമുള്ള മരുന്നിനേക്കാള്‍ 25 ശതമാനം സ്റ്റോക്ക് അധികം നിര്‍ത്തി, ബാക്കിയാണ് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. രാജ്യത്ത് പിപിഇ കിറ്റുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്ന സമയത്ത് അവ സെര്‍ബിയയിലേയ്ക്ക് കയറ്റിഅയച്ച നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

യുഎസ് ആണ് ഏറ്റവുമധികം മരുന്നുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രസീലും ജപ്പാനും ഇന്ത്യയോട് ഹൈഡ്രോക്സിക്ലോറോക്വിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കയറ്റുമതി ചെയ്യേണ്ട മുന്‍ഗണന വിദേശകാര്യ മന്ത്രാലയം തീരുമാനിക്കും. നാളെ ഏംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് യോഗം ചേരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിക്കും. ഈ യോഗത്തില്‍ കയറ്റുമതി സംബന്ധിച്ച് അന്തിമതീരുമാനമുണ്ടായേക്കും. അതേസമയം ടെസ്റ്റിംഗ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, സാനിറ്റൈസറുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കുള്ള നിരോധനം തുടരും. രാജ്യത്ത് 4067 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 109 പേരാണ് മരിച്ചത്.

Next Story

RELATED STORIES

Share it