Sub Lead

ഡല്‍ഹിയിലെ ക്ഷേത്രങ്ങള്‍ അണുവിമുക്തമാക്കി ബുര്‍ഖാ ധരിച്ച മുസ്‌ലിം യുവതി; സ്വാഗതം ചെയ്ത് ക്ഷേത്ര പൂജാരിമാര്‍

അണുനാശിനിയും കയ്യിലേന്തി സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ അണുവിമുക്തമാക്കുന്ന ദൗത്യം ഏറ്റെടുത്തു മുന്നോട്ട് പോവുകയാണ് ഇമ്രാന സൈഫി.

ഡല്‍ഹിയിലെ ക്ഷേത്രങ്ങള്‍ അണുവിമുക്തമാക്കി ബുര്‍ഖാ ധരിച്ച മുസ്‌ലിം യുവതി; സ്വാഗതം ചെയ്ത് ക്ഷേത്ര പൂജാരിമാര്‍
X

ന്യൂഡല്‍ഹി: നോര്‍ത്ത് ഡല്‍ഹിയിലെ നെഹ്റു വിഹാറിലെ നവ ദുര്‍ഗ ക്ഷേത്രത്തിലെ അസാധാരണ സന്ദര്‍ശകയാണ് ബുര്‍ഖ ധരിച്ച 32 കാരി ഇമ്രാന സെയ്ഫി. അവരെത്തിയത് പ്രാര്‍ഥിക്കാനല്ല മറിച്ച് ക്ഷേത്രത്തേയും പരിസരത്തേയും അണുവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. രണ്ട് മാസം മുമ്പ് ഹിന്ദുത്വര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ വിറങ്ങലിച്ച് നിന്ന ജില്ലയില്‍ കൊറോണ വൈറസ് പ്രതിസന്ധി സാമുദായിക ഐക്യത്തിന്റെ ശ്രദ്ധേയമായ ഈടുവയ്പുകളാണ് ബാക്കിവയ്ക്കുന്നത്.


അണുനാശിനിയും കയ്യിലേന്തി സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ അണുവിമുക്തമാക്കുന്ന ദൗത്യം ഏറ്റെടുത്തു മുന്നോട്ട് പോവുകയാണ് ഇമ്രാന സൈഫി. മൂന്ന് കുട്ടികളുടെ മാതാവായ സൈഫി വിശുദ്ധ റമദാനിലെ ഉപവാസത്തിലാണെങ്കിലും പ്രാദേശിക റെസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കുന്ന സാനിറ്റൈസര്‍ ടാങ്ക് ഉപയോഗിച്ച് സമീപ പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്നതില്‍ ഉപേക്ഷ കാണിക്കാതെ മുന്നോട്ട് പോവുകയാണ്.

വടക്കന്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങള്‍ക്കകത്തും പുറത്തും അണുനാശിനി തളിക്കാന്‍ അനുമതി അഭ്യര്‍ത്ഥിക്കുമ്പോള്‍ പൂജാരിമാര്‍ സ്വാഗതം ചെയ്യുക മാത്രമല്ല പലപ്പോഴും സഹായിക്കാനും കൂടെകൂടുന്നുണ്ട്.ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇമ്രാന പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ ഫെബ്രുവരി അവസാനത്തോടെ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ അഴിച്ചുവിട്ട അക്രമത്തില്‍ ദുരിതനുഭവിച്ചവരെ സഹായിക്കാനും മുന്‍നിരയില്‍ ഉണ്ടായിരുന്നു. കൊവിഡ് 19 പടരുന്നതിനിടെ ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രദേശത്തെ മറ്റ് മൂന്ന് സ്ത്രീകളേയും ചേര്‍ത്ത് അവര്‍ 'കൊറോണ യോദ്ധാക്കളുടെ' ഒരു ടീമിനേയും ഉണ്ടാക്കിയിട്ടുണ്ട്.

ജാഫറാബാദ്, മുസ്തഫാബാദ്, ചാന്ദ് ബാഗ് നെഹ്റു വിഹാര്‍, ശിവ വിഹാര്‍, ബാബു നഗര്‍ എന്നിവിടങ്ങളിലെ ഇടുങ്ങിയ പാതകളിലൂടെ കടന്ന് ചെന്ന് വേര്‍തിരിവുകളില്ലാതെ ബാങ്ക് വിളിക്കുന്ന മസ്ജിദുകളേയും മണിനാദം മുഴങ്ങുന്ന ക്ഷേത്രങ്ങളെയും അവര്‍ അണുവിമുക്തരാക്കുന്ന ദൗത്യത്തിലാണ്.

'ഇന്ത്യയുടെ മതേതര സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാമെല്ലാവരും ഒന്നാണെന്നും നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്നുമുള്ള സന്ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'-ഇമ്രാന പറഞ്ഞു. ഒരു ക്ഷേത്ര പുരോഹിതനും തങ്ങളെ തടയുകയോ അവരില്‍നിന്ന് ബുദ്ധിമുട്ട് നേരിടുകയോ ചെയ്യേണ്ടിവന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


'ഇത്തരം നടപടികള്‍ സാമുദായിക ഐക്യത്തിന് സ്വാഗതാര്‍ഹമാണ്, പരസ്പരം പിന്തുണയ്ക്കണം. വിദ്വേഷം ഉപേക്ഷിക്കുകയും സ്‌നേഹം സ്വീകരിക്കുകയും പരസ്പരം അഭ്യുദയകാംക്ഷികളാകുകയും വേണം. ഇമ്രാനയുടെ നടപടിയെ സ്വാഗതം ചെയ്തു നെഹ്റു വിഹാറിലെ പുരോഹിതനായ നെഹ്റു വിഹാറിലെ നവ ദുര്‍ഗ മന്ദിര്‍ പണ്ഡിറ്റ് യോഗേഷ് കൃഷ്ണന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

Next Story

RELATED STORIES

Share it