Sub Lead

കൊവിഡ് 19: ലക്ഷണങ്ങളുമായി രോഗി എത്തിയ വിവരം അധികൃതരെ അറിയിച്ചു; സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു

മനുഷ്യാവകാശ പ്രവര്‍ത്തകയും ഡോക്ടറുമായ ഷിനു ശ്യാമളനെയാണ് തൃശൂര്‍ തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നിന്ന് പിരിച്ചുവിട്ടത്.

കൊവിഡ് 19: ലക്ഷണങ്ങളുമായി രോഗി എത്തിയ വിവരം അധികൃതരെ അറിയിച്ചു; സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു
X

തൃശൂര്‍: കൊവിഡ് 19 ലക്ഷണങ്ങളുമായി രോഗി എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതായി ആരോപണം. മനുഷ്യാവകാശ പ്രവര്‍ത്തകയും ഡോക്ടറുമായ ഷിനു ശ്യാമളനെയാണ് തൃശൂര്‍ തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നിന്ന് പിരിച്ചുവിട്ടത്. കോവിഡുമായി ബന്ധപ്പെട്ട് ഭീതി പരത്തിയെന്നതാണ് ഡോക്ടര്‍ക്കെതിരേ മാനേജ്‌മെന്റ് ഉന്നയിച്ച കുറ്റം. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രസക്തമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയ ഡോക്ടറാണ് ഷിനു ശ്യാമളന്‍.

കൊവിഡ് 19 വൈറസ് സംശയിക്കുന്ന രോഗി ക്ലിനിക്കില്‍ പരിശോധനക്കെത്തിയതും ഖത്തറിലേക്ക് പോയതുമെല്ലാം വിശദീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഷിനു ശ്യാമളന്‍ ആരോപിച്ചു. കോവിഡ് 19 സംശയിക്കുന്നയാള്‍ വന്നുവെന്ന് പുറത്തു പറഞ്ഞാല്‍ ഇനിയാരെങ്കിലും ക്ലിനിക്കിലേക്കു വരുമോ എന്ന് ഉടമ ചോദിച്ചതെന്നും ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്ന് പറഞ്ഞെന്നും ഷിനു പറഞ്ഞു. രോഗിയുടെയോ ക്ലിനിക്കിന്റെയോ ഒരു വിശദാംശവും വെളിപ്പെടുത്തിയിട്ടില്ലെന്നും തന്റെ കടമയാണ് നിര്‍വഹിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇനിയും ആ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങള്‍. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥര്‍ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും.

Next Story

RELATED STORIES

Share it