Sub Lead

തന്നോടൊപ്പം ഭക്ഷണം കഴിച്ചു; ദലിത് തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് മലയാളി കോണ്‍ട്രാക്ടര്‍

കിണറുപണി കരാർ എടുത്ത കരീപ്ര കടയ്ക്കോട് ഉദയ സദനത്തിൽ ടി. ഉദയനാണ് തൊഴിലാളികളെ മർദ്ദിച്ചത്.

തന്നോടൊപ്പം ഭക്ഷണം കഴിച്ചു; ദലിത് തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് മലയാളി കോണ്‍ട്രാക്ടര്‍
X

കൊല്ലം: കർണാടകത്തിൽ കിണറു പണിക്കു കൊണ്ടുപോയ തൊഴിലാളികളെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചെന്ന് ആരോപിച്ച് കരാറുകാരൻ ക്രൂരമായി മർദ്ദിച്ചു. കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂർ സുദർശന മന്ദിരത്തിൽ സുധർമ്മൻ(42), നിരപ്പുവിള വീട്ടിൽ സുഭാഷ്, ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്. കിണറുപണി കരാർ എടുത്ത കരീപ്ര കടയ്ക്കോട് ഉദയ സദനത്തിൽ ടി. ഉദയനാണ് തൊഴിലാളികളെ മർദ്ദിച്ചത്.

ഡിസംബർ 24നാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സുധർമ്മൻ ഉൾപ്പടെയുള്ളവർ തിരികെ നാട്ടിലെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസ തേടി. ജാതിപ്പേര് വിളിച്ചാണ് ഉദയൻ മർദ്ദിച്ചതെന്ന് സുധർമ്മൻ പറയുന്നു. പൂയപ്പള്ളി പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനെതിരെ കേസെടുത്തിട്ടുണ്ട്.

2020 ഡിസംബർ 22നാണ് കിണറു പണിക്ക് വേണ്ടി സുധർമ്മനെയും, നിരപ്പുവിള വീട്ടിൽ സുഭാഷിനെയും, ബാബുവിനെയും കർണാടക-ഗോവ അതിർത്തിയിലെ മാജുലി എന്ന സ്ഥലത്തേക്കു കൊണ്ടുപോയത്. ഇവർക്കായി ജോലി സ്ഥലത്തിനു സമീപം താമസസൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. 23 മുതൽ സുധർമ്മനും കൂട്ടരും ജോലി തുടങ്ങിയിരുന്നു. 24ന് വൈകിട്ട് ജോലി കഴിഞ്ഞ ശേഷമാണ് ഉദയനും മറ്റൊരാളും സുധർമ്മൻ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഇവിടെവെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഉദയൻ ഇരുന്ന ബെഞ്ചിൽ ഇരുന്നതോടെയാണ് സുധർമ്മനെ മർദ്ദിക്കാൻ തുടങ്ങിയത്. 'എന്‍റെയൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നോ' എന്നു ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം.

കൈമുഷ്ടി കൊണ്ട് സുധർമ്മന്റെ മുഖത്ത് ഉദയൻ ശക്തിയായി ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ സുധർമ്മനെ ശരീരമാസകലം ശക്തിയായി ചവിട്ടുകയും, മർദ്ദിക്കുകയും ചെയ്തു. ജോലിക്കെത്തിയ സുഭാഷിനും ബാബുവിനും മർദ്ദനമേറ്റു. ഗുണ്ടകളെ ഉപയോഗിച്ച് ഈ തൊഴിലാളികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സുധർമ്മൻറെയും മറ്റു ജോലിക്കാരുടെയും മൊബൈൽ ഫോണുകളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകൾ ബലമായി ഉദയൻ കൈവശപ്പെടുത്തി.

തുടർന്ന് അവശനിലയിലായ സുധർമനും ബാബുവും സുഭാഷും കൂടി രാത്രിയോടെ 20 കിലോമീറ്റർ കാൽനടയായി റെയിൽവേ സ്റ്റേഷനിലെത്തി. ഉദാരമതികളായ ആളുകളുടെ സാമ്പത്തിക സഹായം കൊണ്ട് കണ്ണൂർ വരെ എത്തുകയും കണ്ണൂർ റെയിൽവേ സ്റ്റേഷൻ സമീപമുള്ള പോലിസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കയും ചെയ്തു. പോലിസ് ഉദ്യോഗസ്ഥർ പിരിവെടുത്ത് കൊല്ലം വരെയുള്ള യാത്ര കൂലി നൽകി അയച്ചു.

ഡിസംബർ 26ന് രാവിലെ ഇവർ കൊല്ലത്ത് തിരിച്ചെത്തി. സുധർമ്മന്‍റെയും മറ്റുള്ളവരുടെയും ഫോണുകൾ ഉദയൻ പിടിച്ചുവാങ്ങിയതിനാൽ ഈ സംഭവങ്ങളൊന്നും നാട്ടിലും വീട്ടിലും അറിയിക്കാൻ സാധിച്ചില്ല. അന്നുതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ സുധർമ്മനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മൂക്കിന് മുകളിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണിത്. മെഡിക്കൽ കോളജിൽ വിദഗ്ദ്ധ ചികിൽസ നേടിയശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് തുടർ ചികിൽസയ്ക്കായി മാറ്റിയിരുന്നു. സുധർമ്മൻ ഇപ്പോഴും അവിടെ ചികിത്സയിൽ തുടരുകയാണ്.

Next Story

RELATED STORIES

Share it