Sub Lead

സംഘടനാ തിരഞ്ഞെടുപ്പില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്താവും; ആഞ്ഞടിച്ച് ഗുലാംനബി ആസാദ്

സംഘടനാ തിരഞ്ഞെടുപ്പില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്താവും; ആഞ്ഞടിച്ച് ഗുലാംനബി ആസാദ്
X

ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നും അല്ലാതെ ഇങ്ങനെ പോവുകയാണെങ്കില്‍ അടുത്ത 50 വര്‍ഷവും പ്രതിപക്ഷത്ത് തന്നെയാവുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതുകയും എഐസിസി യോഗത്തിരാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനമുയര്‍ത്തുകയും ചെയ്തതിനു പിന്നാലെയാണ് ഗുലാംനബി ആസാദിന്റെ പരസ്യ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത 27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് കശ്മീരില്‍ നിന്നുള്ള നേതാവായ ഗുലാം നബി ആസാദിന്റെ പരാമര്‍ശം. അടുത്ത 50 വര്‍ഷവും പ്രതിപക്ഷത്തിരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് വേണമെന്നില്ല. സംഘടനാ തിരഞ്ഞെടുപ്പ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പേ നടക്കേണ്ടതായിരുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങളായി പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാവട്ടെ പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി വന്‍ പരാജയത്തിലാണ്. ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. അതിന് സംഘടനാ തിരഞ്ഞെടുപ്പാണ് വഴിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

തോല്‍ക്കുമെന്ന ഭയം കാരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ചിലര്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. നോമിനേഷനിലൂടെ എഐസിസി അംഗങ്ങളായവരാണ് ഇത്തരക്കാര്‍. ആ സ്ഥാനത്ത് തന്നെ തുടരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് വേണമെന്ന തന്റെ ആവശ്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടി ഭാരവാഹികള്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ പിന്നീട് ആ സ്ഥാനത്തുണ്ടാവില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

നേരത്തേ, 23 നേതാക്കള്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നു നടന്ന എഐസിസി യോഗത്തില്‍ കത്തെഴുതിയവര്‍ ബിജെപിയുമായി ബന്ധമുള്ളവരാണെന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത് പൊട്ടിത്തെറിക്കു കാരണമാക്കിയിരുന്നു. രാഹുലിനെതിരേ ഗുലാം നബി ആസാദും കപില്‍ സിബലും രംഗത്തെത്തുകയും പരസ്യവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഗുലാം നബി ആസാദിന്റെ പ്രതികരണമെന്നത് കോണ്‍ഗ്രസിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ്. കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവരാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്കു കത്തയച്ചത്.

Congress Will be in Opposition for 50 Years: Gulam Nabi Azad




Next Story

RELATED STORIES

Share it