Sub Lead

യുപി പിടിക്കാന്‍ പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്; ശിവ്പാല്‍ യാദവുമായും മറ്റു ചെറുകക്ഷികളുമായും കൈകോര്‍ക്കും

ലഖിംപൂരിലെ കര്‍ഷകകൂട്ടക്കുരുതിക്ക് പിന്നാലെയുണ്ടായ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. ഇതിനായി പുതിയ കരുനീക്കങ്ങള്‍ നടത്തിവരികയാണ് പാര്‍ട്ടി നേതൃത്വം.

യുപി പിടിക്കാന്‍ പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്; ശിവ്പാല്‍ യാദവുമായും മറ്റു ചെറുകക്ഷികളുമായും കൈകോര്‍ക്കും
X

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപി പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കി തയ്യാറെടുക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ലഖിംപൂരിലെ കര്‍ഷകകൂട്ടക്കുരുതിക്ക് പിന്നാലെയുണ്ടായ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. ഇതിനായി പുതിയ കരുനീക്കങ്ങള്‍ നടത്തിവരികയാണ് പാര്‍ട്ടി നേതൃത്വം.

ശിവപാല്‍ യാദവിനൊപ്പമുള്ള കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി പോലുള്ള ചെറിയ കക്ഷികളുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിന്റെ അകന്ന അമ്മാവനായ ശിവ്പാല്‍ യാദവിന് യാദവ സമുദായം നിര്‍ണായകമായ ഇറ്റാവ, മെയിന്‍പുരി, സംഭല്‍ ബെല്‍റ്റില്‍ സാമാന്യം മികച്ച സ്വാധീനമുണ്ട്. അതു പോലെ രാഷ്ട്രീയ ലോക് ദളിനെ (ആര്‍എല്‍ഡി) ചാക്കിലാക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഹരിയാന മുന്‍ മന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡ, ജാട്ട് ആധിപത്യമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയതായി റിപോര്‍ട്ടുകളുണ്ട്.

അതേസമയം, ഈ വിഷയത്തില്‍ എല്ലാവരും മൗനം പാലിക്കുമ്പോള്‍, ആര്‍എല്‍ഡി സമാജ്‌വാദി പാര്‍ട്ടിയുമായി (എസ്പി) ചര്‍ച്ച നടത്തിവരികയാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മഥുരയില്‍ നിന്ന് ചൊവ്വാഴ്ച ആരംഭിച്ച ശിവ്പാല്‍ സിംഗ് യാദവിന്റെ 'സമാജിക പരിവര്‍ത്തന യാത്ര'യില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണവ് നിറസാന്നിധ്യമായിരുന്നു.

ആചാര്യ പ്രമോദ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബസ്സില്‍ ശിവപാലിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.യാത്ര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ശിവപാലിനെ ആദരിക്കുകയും ചെയ്തിരുന്നു.

പ്രിയങ്ക ഗാന്ധി ഗോദയിലിറങ്ങിയതോടെ കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രധാന കളിക്കാരനായി മാറിയെന്നും ചെറിയ പാര്‍ട്ടികളുമായുള്ള സഖ്യം മോശമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ദീപക് സിംഗ് പറഞ്ഞു.

ഈ പ്രദേശങ്ങള്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ കേന്ദ്രമായതിനാല്‍ ആര്‍എല്‍ഡിയുമായി ഒത്തുചേരുന്നത് കോണ്‍ഗ്രസിന് ജാട്ട് ആധിപത്യമുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍തന്നെ പ്രിയങ്കഗാന്ധി ഇടംപിടിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it