Sub Lead

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ 'ഇന്ത്യ' അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ ഇന്ത്യ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി
X

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെതിരേ പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. ഗൗരവ് ഗൊഗോയിയെ കൂടാതെ ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ചര്‍ച്ചയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തുടര്‍ച്ചയായി നിരസിക്കപ്പെട്ടതോടെയാണ് അവിശ്വാസ പ്രമേയത്തിന് തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവന നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് അമ്തിഷാ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രി തന്നെ പ്രതികരിക്കണമെന്ന നിലപാട് പ്രതിപക്ഷ കക്ഷികള്‍ ആവര്‍ത്തിച്ചതോടെ

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സെഷനിലെ നാലാം ദിവസവും ഇരുസഭകളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നതും മോദിയെ കൊണ്ട് പ്രസ്താവന നടത്തിക്കുക എന്നതാണ്. ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസ പ്രമേയം പാസാവില്ല. എന്നാല്‍, പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കുമെന്നതിനെ അനുകൂല സാഹചര്യമായാണ് പ്രതിപക്ഷം കണക്കാക്കുന്നത്. ഇതുവഴി മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരായ പ്രതിപക്ഷ നിലപാട് ജനങ്ങളിലെത്തിക്കാനാവുമെന്നും കണക്കുകൂട്ടുന്നു. ഒന്നാം മോദി സര്‍ക്കാറിനെതിരെ 2018 ജൂലൈ 20ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, 325നെതിരേ 126 എന്ന വോട്ടുനിലയില്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു. ലോക്‌സഭയില്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കാന്‍ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണ മതിയാവും. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ മോദിയുടെ മൗനത്തെ കുറിച്ചും ആഭ്യന്തര വകുപ്പിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെയും വീഴ്ചയെ കുറിച്ചും കടുത്ത വിമര്‍ശനമുന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it