പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി യോഗത്തിനു ശേഷം വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എകെ ആന്റണി, ജയറാം രമേശ്, മാണിക്കം ടാഗൂര്‍, കെ സുരേഷ്, ഗൗരവ് ഗൊഗോയ്, ആനന്ദ് ശര്‍മ, അഹ്മദ് പട്ടേല്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും യോഗത്തിനെത്തിയിരുന്നു.

തിങ്കളാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെ ലോക്‌സഭയില്‍ ഹാജരാവണമെന്ന് അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം സമാപിക്കുക.
RELATED STORIES

Share it
Top