Sub Lead

കൊവിഡ് കേസുകള്‍ ഉയരുന്നു; യുപിയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ്, നോയിഡ പരിപാടി ഒഴിവാക്കി യോഗിയും

കൊവിഡ് കേസുകള്‍ ഉയരുന്നു; യുപിയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ്, നോയിഡ പരിപാടി ഒഴിവാക്കി യോഗിയും
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍, കൊവിഡ് കേസുകള്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികള്‍ കോണ്‍ഗ്രസ് റദ്ദാക്കി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്താനിരുന്ന മുഴുവന്‍ പരിപാടിയും റദ്ദാക്കിയതായി കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടി തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാവും പ്രചാരണത്തിലെ തുടര്‍നടപടികള്‍ തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത ജില്ലയാണ് നിലവില്‍ ഗൗതം ബുദ്ധ നഗര്‍. അതിനാല്‍, ജില്ലയില്‍പ്പെട്ട നോയിഡയില്‍ വ്യാഴാഴ്ച നടത്താനിരുന്ന റാലി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും റദ്ദാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണം മുഴവനായും റദ്ദാക്കുന്നത് സംബന്ധിച്ച് ഭരണകക്ഷിയായ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബറേലി ജില്ലയില്‍ ചൊവ്വാഴ്ച നടന്ന പരിപാടിയിലുണ്ടായ ഞെട്ടിക്കുന്ന രംഗങ്ങള്‍ക്ക് ശേഷമാണ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ റാലികളും കോണ്‍ഗ്രസ് തല്‍ക്കാലം റദ്ദ് ചെയ്തത്. നൂറുകണക്കിന് സ്ത്രീകളും കൗമാരക്കാരായ പെണ്‍കുട്ടികളുമാണ് ചൊവ്വാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തിക്കിലും തിരക്കിലും പെട്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഇതോടെയാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.

ലഡ്കി ഹൂണ്‍, ലഡ് ശക്തി ഹണ്‍' അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് പോരാടാം എന്ന അജണ്ടയുടെ ഭാഗമായി നടന്ന മാരത്തണില്‍ നൂറുകണക്കിന് സ്ത്രീകളും കൗമാരക്കാരായ പെണ്‍കുട്ടികളും പങ്കെടുത്തിരുന്നു. അതിനിടെ, മുന്‍നിരയിലെ ഏതാനും സ്ത്രീകള്‍ കാല്‍വഴുതി വീണു. ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍, ഇത് സോഷ്യല്‍ മീഡിയയില്‍ വയറലായി. കോണ്‍ഗ്രസ് നേതാവും മുന്‍ ബറേലി മേയറുമായ സുപ്രിയ ആരോണ്‍ ആണ് റാലി സംഘടിപ്പിച്ചത്. റാലികളില്‍ കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് വൈറസ് വ്യാപനത്തിന് വഴിയൊരുക്കും. അതിനാലാണ് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

യുപി തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കകം മാറ്റിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര ആരോഗ്യമന്ത്രാലയവും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുന്‍നിശ്ചയിച്ച പ്രകാരം തിരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചു. ചില പ്രതിരോധ നടപടികളും പ്രഖ്യാപിച്ചു. വോട്ടിങ് സമയം നീട്ടുന്നതും ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെയാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

എന്നാല്‍, പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന രാഷ്ട്രീയ റാലികള്‍ നിരോധിക്കുന്നതില്‍നിന്ന് കമ്മീഷന്‍ ഒഴിഞ്ഞുമാറി. തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിന് ശേഷമാണ് ഞങ്ങളുടെ ഉത്തരവാദിത്തം ആരംഭിക്കുന്നത്. അതുവരെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.

Next Story

RELATED STORIES

Share it