Sub Lead

കൂടുതല്‍ ഗൗരവമായ അന്വേഷണത്തിലേക്ക് പോകും; ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് കവര്‍ച്ചകേസില്‍ മുഖ്യമന്ത്രി

കള്ളപ്പണത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം പോലിസിന്റെ പക്കലുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ടാണ് അവര്‍ അത് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താത്തതെന്ന് അറിയില്ലെന്നും സൂചിപ്പിച്ചു

കൂടുതല്‍ ഗൗരവമായ അന്വേഷണത്തിലേക്ക് പോകും; ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട്   കവര്‍ച്ചകേസില്‍ മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊടകര കള്ളപ്പണ കവര്‍ച്ചകേസില്‍ വരുംദിവസങ്ങളിൽ കൂടുതല്‍ ഗൗരവമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണം ആരുടേതാണ് എന്നത് സംബന്ധിച്ച് പോലിസിന് കൃത്യമായ ധാരണയുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കള്ളപ്പണം ബിജെപിയുടേതാണെന്ന് സിപിഎം ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന പോലിസ് മേധാവി തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കി നല്‍കിയ റിപോര്‍ട്ടില്‍ ഒരു പാര്‍ട്ടിയുടേയും പേരില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എഫ്‌ഐആറിലും ബിജെപിയുടെ പേരില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. കള്ളപ്പണത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം പോലിസിന്റെ പക്കലുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ടാണ് അവര്‍ അത് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താത്തതെന്ന് അറിയില്ലെന്നും സൂചിപ്പിച്ചു. പോലിസ് ചിലപ്പോള്‍ പൊളൈറ്റ് ആയിട്ട് പറഞ്ഞതാണോ അറിയില്ല, നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവം പുറത്തായി ഒരാഴ്ചയാകുമ്പോള്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുടെ പേര് വലിച്ചിഴച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ നിയമനടപടി ആര്‍ക്ക് വേണമെങ്കിലും സ്വീകരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ മറുപടി നല്‍കി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാവുമെന്നും വിജയരാഘവന്‍ കൂട്ടി ചേര്‍ത്തു.

Next Story

RELATED STORIES

Share it