Sub Lead

യുഎസിന് ചൈനീസ് വെല്ലുവിളി; രാജ്യത്തുടനീളം 5ജി സര്‍വീസിനു തുടക്കം കുറിച്ചു

പൊതുമേഖലാ കമ്പനികളായ ചൈന മൊബൈല്‍, ചൈന യൂണികോം, ചൈന ടെലികോം എന്നിവയാണ് രാജ്യത്തുടനീളം 5ജി സര്‍വീസ് തുടങ്ങിയത്.

യുഎസിന് ചൈനീസ് വെല്ലുവിളി; രാജ്യത്തുടനീളം 5ജി സര്‍വീസിനു തുടക്കം കുറിച്ചു
X

ബെയ്ജിങ്:ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൂന്നു ടെലികോം കമ്പനികള്‍ 5ജി സര്‍വീസിന് തുടക്കംകുറിച്ചു. യുഎസിനെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും മറികടന്ന് പുതു തലമുറ ടെലികോം സാങ്കേതികവിദ്യയില്‍ നേതൃസ്ഥാനം ലക്ഷ്യമിട്ടാണ് ചൈനീസ് നീക്കം. പൊതുമേഖലാ കമ്പനികളായ ചൈന മൊബൈല്‍, ചൈന യൂണികോം, ചൈന ടെലികോം എന്നിവയാണ് രാജ്യത്തുടനീളം 5ജി സര്‍വീസ് തുടങ്ങിയത്.

യുഎസ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷം ഇതിനോടകം 5 ജി നെറ്റ്‌വര്‍ക്കുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ പത്തു മുതല്‍ നൂറിരട്ടി വരെ വേഗം വാഗ്ദാനം ചെയ്യുന്നതാണ് 5ജി സര്‍വീസ്. 128 യുവാന്‍ (1289 രൂപ) മുതല്‍ 599 യുവാന്‍ (6030 രൂപ) വരെയാണ് പ്രതിമാസ നിരക്ക്. ബെയ്ജിങ്, ഷാങ്ഹായ്, ഗുവാന്‍ഷു, ഷെന്‍സന്‍ ഉള്‍പ്പെടെ 50 നഗരങ്ങളില്‍ 5ജി വാണിജ്യ സര്‍വീസ് ലഭ്യമാണ്. 5ജി പ്രവേശനത്തിനായി 50 നഗരങ്ങളെ ഉള്‍ക്കൊള്ളുന്ന 86,000 ബേസ് സ്‌റ്റേഷനുകളാണ് ചൈനയില്‍ സ്ഥാപിച്ചിട്ടുള്ളത്.

സാങ്കേതിക വിദ്യാ രംഗത്തെ മേല്‍ക്കോയ്മയ്ക്കായി യുഎസുമായി പോര് നിലനില്‍ക്കുന്നതിനിടെയാണ് 5ജിയിലേക്ക് ചൈന പ്രവേശിക്കുന്നത്. നേരത്തേ, ദേശീയ സുക്ഷയ്ക്കു ഭീഷണിയാണന്ന് ആരോപിച്ച് ചൈനീസ് കമ്പനിയായ ഹുവേയ്ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ സഖ്യരാജ്യങ്ങളോട് ട്രംപ് ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തു. യുഎസിന്റെ ആരോപണങ്ങള്‍ ഹുവേ നിഷേധിച്ചിരുന്നു.

ഓദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ 5ജിയില്‍ ഒരു കോടിയിലേറ പേര്‍ വരിക്കാരായെന്ന് ടെലികോം കമ്പനികള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം തുടക്കത്തോടെ ചൈനയിലെ 5ജി വരിക്കാരുടെ എണ്ണം പതിനേഴു കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. 5 ജി വരിക്കാരിലെ മൂന്നിലൊന്നും ചൈനയിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്. തൊട്ടു പിന്നില്‍ ദക്ഷിണ കൊറിയ എത്തുമ്പോള്‍ യുഎസ് മൂന്നാം സ്ഥാനത്തായിരിക്കുമെന്നാണ് സാങ്കേതിക വിദ്യാ രംഗത്തുനിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it