Sub Lead

''ഇറാഖിലും അഫ്ഗാനിസ്ഥാനിലും കുട്ടികളെ വെടിവച്ചു കൊന്നു; ചില സൈനികര്‍ സൈക്കോപാത്തുകളാണ്''; വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് സൈനികര്‍ (വീഡിയോ)

ഇറാഖിലും അഫ്ഗാനിസ്ഥാനിലും കുട്ടികളെ വെടിവച്ചു കൊന്നു; ചില സൈനികര്‍ സൈക്കോപാത്തുകളാണ്; വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് സൈനികര്‍ (വീഡിയോ)
X

ലണ്ടന്‍: ഇറാഖിലും അഫ്ഗാനിസ്താനിലും കുട്ടികളെ പോലും ബിട്ടീഷ് സൈന്യം വെടിവച്ചു കൊന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ സൈനികര്‍. വീടുകളില്‍ ഉറങ്ങിക്കിടക്കുന്നവരെ വെടിവച്ചു കൊന്ന നിരവധി സംഭവങ്ങളുണ്ടെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ സൈനികര്‍ സമ്മതിച്ചു.

''അവര്‍ ഒരു കൊച്ചുകുട്ടിയെ കൈകളില്‍ വിലങ്ങിട്ട് വെടിവച്ചു. അവന്‍ തീര്‍ച്ചയായും ഒരു കുട്ടിയായിരുന്നു. ആളുകളെ പിടികൂടി കൊല്ലുന്നത് സാധാരണ സംഭവമായിരുന്നു. പിടികൂടിയ ശേഷം കൈകളില്‍ പ്ലാസ്റ്റിക് വിലങ്ങിടും. എന്നിട്ട് വെടിവച്ചു കൊല്ലും. അതിന് ശേഷം വിലങ്ങുകള്‍ മാറ്റും. ഒരു പിസ്റ്റള്‍ അടുത്ത് വയ്ക്കും.''-ഇതായിരുന്നു ബ്രിട്ടീഷ് സൈനികരുടെ രീതിയെന്നും ഒരു മുന്‍ സൈനികന്‍ പറഞ്ഞു.



''ആള്‍ക്കൂട്ടത്തിന്റെ മാനസികാവസ്ഥയാണ് ചില സൈനികര്‍ക്കുണ്ടായിരുന്നത്. ആരോടും സംസാരിക്കാത്ത ചില സൈനികര്‍ സൈക്കോപാത്തുകളെ പോലെ പെരുമാറി. ചിലര്‍ക്ക് കൊല ആസക്തിയായിരുന്നു. അവര്‍ നിരവധി പേരെ വെടിവച്ചു കൊന്നു. പരിക്കേറ്റ കിടന്ന ഒരു അഫ്ഗാനിയുടെ കഴുത്ത് അറുക്കുകയാണ് ഒരാള്‍ ചെയ്തത്. കത്തി ഉപയോഗിച്ച് കൊല്ലണമെന്ന ആഗ്രഹം കൊണ്ടാണ് അയാള്‍ അത് ചെയ്തത്. കത്തിയില്‍ രക്തം പുരളണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു.''-മറ്റൊരു സൈനികന്‍ വെളിപ്പെടുത്തി.

ഇത്തരം ആളുകള്‍ ഏതെങ്കിലും യൂണിറ്റുകള്‍ക്ക് മാത്രമല്ല ജോലി ചെയ്തതെന്നും എല്ലാ യൂണിറ്റുകളിലുമുണ്ടായിരുന്നുവെന്നും മറ്റൊരു സൈനികന്‍ വിശദീകരിച്ചു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ സൈനിക നേതൃത്വം പിന്തുണയ്ക്കുകയും ചെയ്തു.

വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്ന സ്ഥലങ്ങളില്‍, കൊല്ലപ്പെട്ടവരുടെ സമീപത്ത് സ്ഥാപിക്കാനുള്ള വ്യാജ ഗ്രനേഡുകളും എകെ 47 തോക്കുകളും സൈനികര്‍ കൊണ്ടുപോവുമായിരുന്നു. അവ ഉപയോഗിച്ചാണ് വ്യാജ ഏറ്റുമുട്ടലിനെ യഥാര്‍ത്ഥ ഏറ്റുമുട്ടലാക്കുക. ഏറ്റുമുട്ടല്‍ സംബന്ധിച്ച റിപോര്‍ട്ടിനെ നിയമപരമാക്കാന്‍ മേലധികാരികള്‍ സഹായവും നല്‍കി. വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തെ യഥാര്‍ത്ഥ ഏറ്റുമുട്ടലാക്കാന്‍ എങ്ങനെ റിപോര്‍ട്ട് തയ്യാറാക്കണമെന്നാണ് സൈനികരെ പഠിപ്പിച്ചത്.

Next Story

RELATED STORIES

Share it