Sub Lead

മൊബൈൽ മോഷണമെന്ന പേരിലെ പിങ്ക് പോലിസ് ജാതിയധിക്ഷേപം: ബാലാവകാശ കമ്മീഷന്‍റെ നിർണായക ഇടപെടൽ

ഒക്ടോബർ അഞ്ചിന് ജയചന്ദ്രനും കുഞ്ഞും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. അനുകൂല സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകിയെങ്കിലും എന്നാൽ രജിത എന്ന പോലിസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയിൽ ജോലി ചെയ്യുന്നുണ്ട്.

മൊബൈൽ മോഷണമെന്ന പേരിലെ പിങ്ക് പോലിസ് ജാതിയധിക്ഷേപം: ബാലാവകാശ കമ്മീഷന്‍റെ നിർണായക ഇടപെടൽ
X

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലിസ് എട്ടു വയസുകാരിയെയും അച്ഛനെയും ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ മൂന്ന് മാസത്തിന് ശേഷം നടപടിക്ക് നിർദേശിച്ച് ബാലാവകാശ കമ്മീഷൻ. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകി. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യണം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പോലിസിന് ബോധവത്ക്കരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ആ​ഗസ്ത് 27നാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിത പരസ്യമായി നടുറോട്ടിൽ ചോദ്യം ചെയ്തത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പോലിസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പോലിസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നേരിട്ട ജയചന്ദ്രനും മകളും മൂന്ന് മാസമായി നീതിക്ക് വേണ്ടി സർക്കാർ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്. തെറ്റു ചെയ്തിട്ടും പോലിസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികൾ അവസാനിപ്പിച്ചു.

പോലിസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി. വിചാരണ നേരിട്ട് എട്ടുവയസുകാരി ഇപ്പോഴും കൗൺസിലിങ്ങിന് വിധേയയാകുന്നു. പോലിസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. ആ​ഗസ്ത് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപി ഉത്തരവിട്ടു. എന്നാൽ പോലിസ് റിപോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയുടേയും റിപോർട്ട്.

നീതി നേടി എസ് എസി-എസ് ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പോലിസ് ഉദ്യോഗസ്ഥയെ യൂനിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ് സി-എസ് ടി കമ്മീഷൻ പോലിസിന് നിർദേശം നൽകി. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്നും കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടും ഇതുവരെ നടപടിയില്ല. ഒക്ടോബർ അഞ്ചിന് ജയചന്ദ്രനും കുഞ്ഞും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. അനുകൂല സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകിയെങ്കിലും എന്നാൽ രജിത എന്ന പോലിസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയിൽ ജോലി ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it