Sub Lead

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെയും തടഞ്ഞ് യുപി പോലിസ്; ലഖ്‌നോ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം (വീഡിയോ)

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെയും തടഞ്ഞ് യുപി പോലിസ്; ലഖ്‌നോ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം (വീഡിയോ)
X

ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ഓടിച്ച കാറിടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേഡിയിലേക്ക് പുറപ്പെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിനെ ലഖ്‌നോ വിമാനത്താവളത്തില്‍ തടഞ്ഞു. യുപി കോണ്‍ഗ്രസ് ഓഫിസും പ്രിയങ്കാ ഗാന്ധിയെയും സന്ദര്‍ശിക്കുന്നതിനാണ് ഭഗേല്‍ ലഖ്‌നോ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍, വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാന്‍ പോലിസ് അനുവദിച്ചില്ല. ഇന്നലെ മുതല്‍ സീതാപൂരില്‍ പോലിസ് കസ്റ്റഡിയിലുള്ള പ്രിയങ്കാ ഗാന്ധിയെ കാണാന്‍ പോവുകയാണെന്ന് ബാഗേല്‍ പറഞ്ഞു.

പോലിസ് ഇത് വിലക്കി. ഇതോടെ പോലിസുമായി കയര്‍ത്ത ഭൂപേഷ് ഭാഗല്‍ ഒടുവില്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ഭുപേഷ് ഭഗേല്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവുകളൊന്നും തന്നെ ഇല്ലാതെ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ട്വീറ്റും ചെയ്തു. എന്തുകൊണ്ടാണ് ഞങ്ങളെ തടയുന്നത്. ഞാന്‍ നിങ്ങളുടെ ലഖിംപൂരിലേക്ക് പോവുന്നില്ല. അദ്ദേഹം ആവര്‍ത്തിച്ച് പോലിസുകാരോട് പറയുന്നു. ഇതിന് ലഖ്‌നോവില്‍ വലിയ ഒത്തുചേരലുകള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുന്നു.

ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായി ഏറെനേരം വാദപ്രതിവാദം നടത്തുന്നതും വീഡിയോയിലുണ്ട്. ലഖിംപൂര്‍ ഖേഡിയിലേക്ക് പുറപ്പെട്ട എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും കൂട്ടാളികളെയും മണിക്കൂറുകളോളം കസ്റ്റഡിയില്‍ പാര്‍പ്പിച്ച ശേഷം യുപി പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സമാധാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ആദ്യം നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.

പിന്നീട് ഇത് നിലനില്‍ക്കില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ വകുപ്പ് ചുമത്തിയത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയ താന്‍ അകത്തും കുറ്റവാളിയായ മന്ത്രിപുത്രന്‍ പുറത്തുമെന്നായിരുന്നു പ്രയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രിയങ്ക കസ്റ്റഡിയില്‍ കഴിയുന്ന ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലാക്കും. നിരവധി പ്രതിപക്ഷ നേതാക്കളെയാണ് ഞായറാഴ്ച മുതല്‍ യുപി ജില്ലയിലേക്ക് പോവുന്നത് തടയുന്നത്.

Next Story

RELATED STORIES

Share it