Sub Lead

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്
X

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം കൊലപാതകം തന്നെയാണെന്നും പിന്നില്‍ ഉന്നതരുടെ കരങ്ങളുണ്ടെന്നും ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്. പിയുസിഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. എല്‍സി ജോര്‍ജ്ജ്, സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ടി വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നു നടത്തിയ ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലാണ് പോലിസിനും സിബി ഐയ്ക്കുമെതിരേ തെളിവുകള്‍ നിരത്തുന്നത്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാശനം ചെയ്തു. അന്വേഷണം ആദ്യംതന്നെ അട്ടിമറിച്ചെന്ന് ആരോപണമുയര്‍ന്ന അന്നത്തെ ഡിവൈഎസ് പി ഹബീബ് റഹ്മാനെതിരേ വകുപ്പുതല അന്വേഷണം വേണമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേസില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന സിബി ഐയെ വിമര്‍ശിക്കുന്ന റിപോര്‍ട്ടില്‍, ഖാസിയുമായി അടുത്ത ബന്ധമുള്ളവരെ വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ തന്നെ കേസ് തെളിയുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. സിബി ഐ സമര്‍പ്പിച്ച റിപോര്‍ട്ട് രണ്ടുതവണ പ്രത്യേക കോടതി മടക്കിയതിനെ തുടര്‍ന്നാണ് സിഎം മൗലവി ജനകീയ അക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥിന്റെയും ചീഫ് കോ-ഓഡിനേറ്റര്‍ യൂസുഫ് ഉദുമയുടെയും കമ്മിറ്റിയുടെയും ആവശ്യപ്രകാരം ജനകീയ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്.

ഖാസി സി എം അബ്ദുല്ല മൗലവിയുടെ സന്തത സഹചാരിയായിരുന്ന ഡ്രൈവര്‍ ഹുസയ്‌നെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയെ കുറിച്ചും വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ കൊലപാതകികള്‍ ആരെന്ന് കണ്ടെത്താനാവുമെന്നും റിപോര്‍ട്ടിലുണ്ട്. ഖാസിയുടെ മരുമകന്‍ അബ്ദുല്‍ ഖാദര്‍, ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, ബന്ധുവും എംഐസിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നാളുമായ കോണ്‍ട്രാക്റ്റര്‍ പട്ടുവം മൊയ്തീന്‍കുട്ടി ഹാജി, യു എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവരെയും വിശദമായി ചോദ്യം ചെയ്യണം. പ്രാഥമികാന്വേഷണ ഘട്ടത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും കൃത്രിമ തെളിവുകളുണ്ടാക്കുകയും ചെയ്ത അന്നത്തെ ഡിവൈഎസ് പിയും റിട്ട. എസ് പിയുമായ ഹബീബ് റഹ്മാനെതിരേ വകുപ്പുതല അന്വേഷണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും ജനകീയ അന്വേഷണ കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്നു.

ഖാസിയുടെ ശരീരത്തിലെ മുറിവുകള്‍ ബാഹ്യമായ അക്രമത്തിന്റെ അടയാളമാണെന്നും കേസിനെ ഒതുക്കാന്‍ ആദ്യം മുതലേ ഉന്നത ഇടപെടല്‍ ആരംഭിച്ചിട്ടുണ്ടെന്നും വിലയിരുത്തി. അഭയ കൊലക്കേസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിവൈഎസ് പി മൈക്കിളിന്റെ റോളാണ് ഖാസി കേസില്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്റേത്. പ്രമാദമായ കൊലപാതകങ്ങളില്‍ സിബിഐ കാണിക്കുന്ന നിസ്സംഗത ചെമ്പരിക്ക ഖാസി കേസിലും കാണിച്ചിട്ടുണ്ട്. പ്രഫഷണല്‍ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ കേസ് തെളിയുമെന്ന് റിപോര്‍ട്ട് ഉറപ്പിച്ചുപറയുന്നു. കൊലപാതകികള്‍ ആരെല്ലാമാണെന്ന് തനിക്കറിയാമെന്നും അവരെ പിടികൂടാന്‍ കഴിയില്ലെന്നും ഖാസിയുടെ മൂത്ത മകന്‍ ഷാഫിയെ നേരില്‍ക്കണ്ട് പറഞ്ഞ ഫൈസല്‍ മൊയ്തുവിന്റെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചില നിബന്ധനകള്‍ വച്ചാണ് ഫൈസല്‍ മൊയ്തു കമ്മീഷന് മൊഴി നല്‍കിയത്. ഇദ്ദേഹത്തെ സിബിഐ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഖാസിയുടെ മരണകാര്യത്തെ കുറിച്ച് വിവരം ലഭിക്കും. 2014ല്‍ മംഗലാപുരത്ത് നടന്ന വിമാന ദുരന്തത്തില്‍ മരണപ്പെട്ട ഇബ്രാഹീം ഖലീല്‍ എന്നയാള്‍ക്ക് ഖാസിയുടെ ദുരൂഹ മരണവുമായി നേരിട്ട് ബന്ധമുള്ളതായി സാക്ഷികള്‍ കമ്മീഷന് മൊഴി നല്‍കിയതായും അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

2010 ഫെബ്രുവരി 15നാണ് സമസ്ത ഇകെ വിഭാഗം വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം മൗലവിയെ മരിച്ച നിലയില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്. മൗലവിയുടേത് കൊലപാതകമാണോ എന്ന കുടുംബത്തിന്റെ സംശയത്തോടെയാണ് കേസ് വിവാദമായത്. എന്നാല്‍, ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താനായില്ലെന്നും മൗലവി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു സിബി ഐ റിപോര്‍ട്ട്. 2017 ജനുവരിയില്‍ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ തുടരന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. സമസ്തയുടെയും മുസ് ലിം ലീഗിന്റെയും നേതൃപദവിയിലുള്ളവരില്‍ ചിലര്‍ക്ക് ബന്ധമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്വേഷണം അട്ടിമറിക്കുന്നതിനെതിരേയും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ കുടുംബാംഗങ്ങള്‍ പ്രത്യക്ഷ സമരം നടത്തിയിരുന്നു.

അന്വേഷണ സംഘം 56 സാക്ഷികളെ കണ്ട് മൊഴിയെടുത്തിരുന്നു. ഖാസിയെ അപായപ്പെടുത്താന്‍ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് വിവരം നല്‍കിയ തങ്ങളും ഖാസിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ച കാണിയ മുഹമ്മദിന്റെയും ദുരൂഹമരണങ്ങള്‍ കൊലപാതക സാധ്യത വര്‍ധിപ്പിക്കുന്നു. സിബി ഐ അന്വേഷണത്തില്‍ തുടക്കത്തിലുണ്ടായിരുന്ന ലാസറസ് എന്ന ഉദ്യോഗസ്ഥന്‍ രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയുള്ള സ്ഥലംമാറ്റം തുടങ്ങിയവയെല്ലാം ദുരൂഹമാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്.

Chemparikka Khasi's mysterious death is a murder, says the Commission of Inquiry

Next Story

RELATED STORIES

Share it