Sub Lead

ബിജെപിക്ക് കനത്ത തിരിച്ചടി; എഎപി കൗണ്‍സിലര്‍ ഛണ്ഡീഗഢ് മേയര്‍

അസാധുവാക്കിയ 8 ബാലറ്റുകളും എഎപിക്ക് അനുകൂലം

ബിജെപിക്ക് കനത്ത തിരിച്ചടി; എഎപി കൗണ്‍സിലര്‍ ഛണ്ഡീഗഢ് മേയര്‍
X

ന്യൂഡല്‍ഹി: വിവാദമായ ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ സുപ്രിംകോടതിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. റിട്ടേണിങ് ഓഫിസര്‍ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതോടെ എഎപിയുടെ കുല്‍ദീപ് കുമാര്‍ മേയറാവും. എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനാണ് ലഭിച്ചതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എട്ട് ബാലറ്റ് പേപ്പറുകളും പരിശോധിച്ച ശേഷമാണ് തീര്‍പ്പ് കല്‍പിച്ചത്. ബാലറ്റില്‍ കൃത്രിമം നടത്തിയ വരണാധികാരി അനില്‍ മസീഹിനെതിരേ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. സുപ്രിംകോടതി കടുത്ത നിലപാടെടുത്തതോടെ ബിജെപി പ്രതിനിധിയായിരുന്ന മനോജ് സോങ്കര്‍ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു. മേയര്‍ തിരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രിംകോടതിയില്‍ വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി. ഇതിനിടെ ഭരണം പിടിക്കാന്‍ മൂന്ന് എഎപി കൗണ്‍സിലര്‍മാരെ ബിജെപി ചാക്കിട്ടുപിടിക്കുകയും ചെയ്തിരുന്നു.

വന്‍ അട്ടിമറിയിലൂടെയാണ് ബിജെപി പ്രതിനിധി ചണ്ഡിഗഢ് കോര്‍പറേഷനില്‍ വിജയിച്ചത്. കോണ്‍ഗ്രസും എഎപിയും ഉള്‍പ്പെടെയുള്ള 'ഇന്‍ഡ്യ' സഖ്യം അനായാസം ജയിക്കേണ്ട സ്ഥാനത്ത് എട്ട് വോട്ടുകള്‍ പ്രിസൈഡിങ് ഓഫിസര്‍ അനില്‍ മസീഹ് അസാധുവായി പ്രഖ്യാപിച്ചതാണ് വലിയ വിവാദമായത്. 35 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 14ഉം എഎപിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും ശിരോമണി അകാലിദളിന് ഒരു കൗണ്‍സിലറുമാണ് ഉണ്ടായിരുന്നത്. മേയര്‍ തിരഞ്ഞെടുപ്പില്‍ എട്ട് വോട്ടുകള്‍ കൂട്ടത്തോടെ അസാധുവായതോടെ ബിജെപി പ്രതിനിധിയെ മേയറായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ആം ആദ്മി കൗണ്‍സിലര്‍ കുല്‍ദീപ് കുമാറാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ്-എഎപി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിങ് ഓഫിസര്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ചെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it