Sub Lead

കേന്ദ്രം വഴങ്ങി; കര്‍ഷകരുമായി ഇന്ന് വൈകീട്ട് ഉപാധികളില്ലാതെ ചര്‍ച്ച

കേന്ദ്രം വഴങ്ങി; കര്‍ഷകരുമായി ഇന്ന് വൈകീട്ട് ഉപാധികളില്ലാതെ ചര്‍ച്ച
X

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ ബില്ലുകളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികള്‍ ഉപരോധിച്ച് പ്രതിഷേധിക്കുന്ന ആയിരക്കണക്കിനു കര്‍ഷകരുടെ പ്രതിഷേധത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. ഉപാധികളൊന്നുമില്ലാതെ ഇന്ന് ചര്‍ച്ച നടത്തും. തണുപ്പും കൊവിഡും പരിഗണിച്ചാണ് മൂന്നു ദിവസം മുമ്പത്തേക്ക് ചര്‍ച്ചയാക്കിയതെന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് കൂടിക്കാഴ്ച നടത്താമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും കര്‍ഷകര്‍ പ്രതിഷേധിക്കുന്ന മാനസികാവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. 'തണുപ്പാണ്, കൊറോണ വൈറസുമുണ്ട്. അതിനാല്‍ ഡിസംബര്‍ ഒന്നിനു വൈകീട്ട് മൂന്നിനു ഞങ്ങള്‍ കര്‍ഷക സംഘടനാ നേതാക്കളെ വിജ്ഞാന ഭവനിലേക്ക് ചര്‍ച്ചയ്ക്കു ക്ഷണിക്കുന്നു. പ്രതിഷേധം നിര്‍ത്തി ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ഡിസംബര്‍ മൂന്നിനു ചര്‍ച്ച നടത്താമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം രൂക്ഷമാവുകയും അമൃത് സര്‍ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ ചൊവ്വാഴ്ചയോടെ അതിര്‍ത്തിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിക്കുകയും ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന പാതകളും തടയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെയാണ് കേന്ദ്രം നിലപാട് മാറ്റിയത്. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ കൃഷിമന്ത്രി നരേന്ദ്ര തോമറുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തി.

അതിനിടെ, പ്രതിഷേധക്കാരിലൊരാള്‍ ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖത്ര എന്ന ഗ്രാമത്തിലെ കര്‍ഷകനായ ഗജ്ജന്‍ സിങ് തിക്രിയാണ് അതിര്‍ത്തിയില്‍ മരിച്ചത്. ഛലോ ഡല്‍ഹി മാര്‍ച്ച് തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ മരണമാണിത്. വിരവധി പ്രതിഷേധക്കാര്‍ ഒത്തുകൂടിയ സ്ഥലത്ത് കനത്ത തണുപ്പ് കാരണം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. 71 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള നവംബറാണിതെന്നും റിപോര്‍ട്ടുകളുണ്ട്.

സിങ്കു അതിര്‍ത്തി ഇപ്പോഴും ഇരുവശത്തുനിന്നും അടച്ചിരിക്കുകയാണെന്ന് ഡല്‍ഹി പോലിസ് ട്വീറ്റ് ചെയ്തു. ട്രാഫിക് നീക്കത്തിനായി തിക്രി അതിര്‍ത്തിയും അടച്ചിരിക്കുകയാണ്. രണ്ട് മേഖലകളിലും ഗതാഗതം തിരിച്ചുവിട്ടു. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരില്‍ ഉപരോധമില്ലെങ്കിലും പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലെ ബുറാരി മൈതാനത്ത് നിലയുറപ്പിച്ച കര്‍ഷകരും സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തിപ്പെടുത്തുന്നുണ്ട്. കര്‍ഷക പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ഹരിയാനയില്‍ ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയും ചൊവ്വാഴ്ച ഡല്‍ഹിയിലേക്കു തിരിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, നിയമത്തെ അനുകൂലിച്ചും ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തി. കര്‍ഷകരുടെ മനസ്സില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് അറിയാമെന്നും വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഉദ്ദേശ്യങ്ങള്‍ ഗംഗാ നദിയിലെ വെള്ളം പോലെ വിശുദ്ധമാണെന്ന് ഗംഗയുടെ തീരത്ത് നിന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും വാരണസിയില്‍ ഒരു പരിപാടിയില്‍ മോദി പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തെ ജലപീരങ്കികള്‍, കണ്ണീര്‍ വാതകം, പോലിസ് ബാരിക്കേഡുകള്‍ എന്നിവ ഉപയോഗിച്ചാണ് തടയുന്നത്. എന്നാല്‍ സോണിപത്, റോഹ്തക്, ജയ്പൂര്‍, ഗാസിയാബാദ്-ഹാപൂര്‍, മഥുര എന്നിങ്ങനെ അഞ്ച് പ്രവേശന സ്ഥലങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ തടയുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്.

രണ്ടുമാസത്തിലേറെയായി ആസൂത്രണം ചെയ്ത പ്രതിഷേധത്തിന് 500 കര്‍ഷക സംഘടനകളുടെ പിന്തുണയുണ്ട്. പ്രതിഷേധ മാര്‍ച്ചില്‍ 3 ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ടെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അവകാശപ്പെട്ടു. ഇതിനിടെ, ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ പോലുസുമായുണ്ടായ പ്രതിഷേധത്തില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് കര്‍ഷകര്‍ക്കെതിരേ കലാപത്തിനും സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിച്ചതിനുമുള്‍പ്പെടെ പോലിസ് കേസെടുത്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അലിപൂര്‍ പോലിസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്. നവംബര്‍ 27 ന് സിങ്കു അതിര്‍ത്തിയില്‍ പ്രകടനം നടത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ ലംഘിച്ച് ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. പോലിസിന് നേരെ കല്ലെറിയുകയും സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍ വാതകവും ബലപ്രയോഗവും നടത്തി.

കഴിഞ്ഞ ദിവസം രാത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെയും കൃഷിമന്ത്രി തോമറിനെയും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വീട്ടില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിഷേധ വേദി മാറ്റണമെന്നുമായിരുന്നു അമിത് ഷാ ശനിയാഴ്ച ആവശ്യപ്പെട്ടത്. ഇതെല്ലാം കര്‍ഷകര്‍ തള്ളിക്കളയുകയും ഉപാധികളില്ലാതെ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു.

Centre Calls Farmers For Talks Today

Next Story

RELATED STORIES

Share it