Sub Lead

ദുരന്ത നിവാരണ രംഗത്തെ മികവിന് മലപ്പുറം ജില്ലാ പോലിസിന് കേന്ദ്ര അംഗീകാരം

ദുരന്ത നിവാരണ രംഗത്തെ മികവിന് മലപ്പുറം ജില്ലാ പോലിസിന് കേന്ദ്ര അംഗീകാരം
X

മലപ്പുറം: കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം മുന്‍നിര്‍ത്തി എസ്.പി യടക്കം എട്ട് പോലിസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അംഗീകാരം. രാജ്യത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തത്തില്‍ അവസരോചിതമായ ഇടപെടല്‍ നടത്തിയ മലപ്പുറം ജില്ലാ പോലിസ് മേധാവി യു. അബ്ദുള്‍ കരീമിടക്കം എട്ട് പൊലീസുകാര്‍ക്കാണ് അര്‍ഹതയ്ക്കുള്ള പുരസ്‌ക്കാരമായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മെഡല്‍ ലഭിച്ചത്.

ജില്ലയേയും സംസ്ഥാനത്തേയും മുള്‍മുനയില്‍ നിര്‍ത്തിയ കവളപ്പാറ ദുരന്തത്തില്‍ പോലിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പാക്കിയതും നിരവധി ജീവനുകള്‍ക്ക് തുണയായതുമായ പ്രവര്‍ത്തനങ്ങളാണ് ദേശീയ അംഗീകാരത്തിലേക്ക് ജില്ലാ പോലിസ് സംഘത്തെ നയിച്ചത്. ജില്ലാ പോലിസ് മേധാവിയെ കൂടാതെ എടക്കര പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.പി മനോജ് പറയറ്റ, പോത്തുകല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.അബ്ബാസ്, എം.എസ്.പി എപിഎസ്‌ഐ ടികെ മുഹമ്മദ് ബഷീര്‍, എംഎസ്പി എപിഎസ്‌ഐ എസ്‌കെ ശ്യാം കുമാര്‍, എംഎസ്പി പോലിസ് കോണ്‍സ്റ്റബിള്‍മാരായ സി നിതീഷ്, കെ സക്കീര്‍, എം അബദുല്‍ ഹമീദ് എന്നിവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മെഡലിനര്‍ഹരായത്.

കവളപ്പാറ ദുരന്തം ഉണ്ടായ ദിവസം രാത്രി തന്നെ സ്ഥലത്തെത്തിയ ജില്ലാ പോലിസ് മേധാവിയടക്കമുള്ള പോലിസ് സംഘം തുടര്‍ച്ചയായി 19 ദിവസം സ്ഥലത്തു ക്യാംപ് ചെയ്തു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുസ്ലിം പള്ളി വിട്ടുകിട്ടുന്നതിനും ജാതിമത വ്യത്യാസമില്ലാതെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലും പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതു ജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും നേതൃത്വം നല്‍കി. ഇതോടൊപ്പം മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, രാഹുല്‍ ഗാന്ധി എം.പി തുടങ്ങി സ്ഥലം സന്ദര്‍ശിക്കാനെത്തിയ വിഐപികളുടെ സുരക്ഷയും ഒരുക്കേണ്ടി വന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.


സംഭവം നടന്ന ഉടനെ എസ്എച്ച്ഒ അടക്കം ആവശ്യമായ പോലിസ് ഉദ്യോഗസ്ഥരെ ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ നിന്നും എംഎസ്പിയില്‍ നിന്നും മറ്റും നിയോഗിച്ചാണ് പ്രതിസന്ധി തരണം ചെയ്തത്. പ്രാദേശികമായുള്ള സാഹചര്യങ്ങള്‍ മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികള്‍ക്ക് ദുരന്ത സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രത്യേക സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിലും അനിതര സാധാരണമായ പ്രവര്‍ത്തനം കാഴ്ചവെച്ചതും പരിഗണിച്ചാണ് പ്രത്യേക പുരസ്‌ക്കാരം.




Next Story

RELATED STORIES

Share it