Sub Lead

ഫാത്തിമ ലത്തീഫിൻ്റെ ആത്മഹത്യ വീട് വിട്ടു നിന്നതിലുള്ള മനോവിഷമം മൂലമെന്ന് സിബിഐ

ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞിട്ടും മാതാപിതാക്കളുടെ മൊഴിയെടുക്കാൻ തയ്യാറാകാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഫാത്തിമ ലത്തീഫിൻ്റെ ആത്മഹത്യ വീട് വിട്ടു നിന്നതിലുള്ള മനോവിഷമം മൂലമെന്ന് സിബിഐ
X

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിൻ്റെ മരഹത്തിൽ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന് സിബിഐ. കോടതിയിൽ സമർപ്പിച്ച അന്തിമ അന്വേഷണ റിപോർട്ടിലാണ് കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിൻ്റേത് മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന നിഗമനം സിബിഐ മുന്നോട്ട് വയ്ക്കുന്നത്.

പഠനത്തിനായി വീട് വിട്ടു നിന്നതിൻ്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐയുടെ നിഗമനം. അന്വേഷണത്തിൽ ആരേയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല. അന്തിമ അന്വേഷണ റിപോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിൻ്റെ കുടുംബം മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

സിബിഐയുടെ അന്വേഷണത്തിൽ സത്യം പുറത്തുവന്നില്ലെന്നും പല പ്രധാന തെളിവുകളും മൊഴികളും സിബിഐ അന്വേഷണത്തിൽ പരിഗണിച്ചില്ലെന്നും പ്രതികരിച്ച ഫാത്തിമയുടെ പിതാവ് ലത്തീഫ് മകൾക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവും ഫാത്തിമയെ ആത്മഹത്യയിലേക്കു നയിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നുവെങ്കിലും ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപോർട്ടിൽ പറയുന്നത്.

ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍ നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും മുമ്പ് ഫാത്തിമയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി 21 മാസം കഴിഞ്ഞിട്ടും മാതാപിതാക്കളുടെ മൊഴിയെടുക്കാൻ തയ്യാറാകാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മദ്രാസ് ഐഐടിയില്‍ രൂപമെടുക്കുമ്പോള്‍ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ ആ സ്ഥാപനത്തെ വിശേഷിപ്പിച്ചിരുന്നത് അയ്യര്‍, അയ്യങ്കാര്‍, ടെക്‌നോളജി എന്നാണ്. ഒരു സവര്‍ണ സ്ഥാപനത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മുസ്‌ലിം വിദ്യര്‍ത്ഥിയോട് ക്ഷമിക്കാന്‍ കഴിയുന്നവരല്ല ഇന്നും അവിടെയുളള അധ്യാപകരെന്നാണ് പൊതു നിരീക്ഷണം. ഫാത്തിമ മരണപ്പെട്ട വര്‍ഷം തന്നെ അഞ്ചു പേരോളം അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതില്‍ ഒരാള്‍ അവിടത്തെ അധ്യാപികയുമായിരുന്നു.

Next Story

RELATED STORIES

Share it