Sub Lead

യുപിയില്‍ ദലിത് ബാലികയെ ഒരു കുടുംബം ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഒരാള്‍ അറസ്റ്റില്‍ (വീഡിയോ)

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെയുണ്ടായ ക്രൂരത വന്‍ പ്രതിഷേധത്തിന് കാരണമായതോടെ സംഭവത്തില്‍ കേസെടുക്കാന്‍ പോലിസ് നിര്‍ബന്ധിതരായി.

യുപിയില്‍ ദലിത് ബാലികയെ ഒരു കുടുംബം ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഒരാള്‍ അറസ്റ്റില്‍ (വീഡിയോ)
X
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് ബാലികയെ സംഘം ചേര്‍ന്ന്

ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വന്‍ പ്രതിഷേധം. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെയുണ്ടായ ക്രൂരത വന്‍ പ്രതിഷേധത്തിന് കാരണമായതോടെ സംഭവത്തില്‍ കേസെടുക്കാന്‍ പോലിസ് നിര്‍ബന്ധിതരായി.

വീഡിയോയില്‍, ഒരാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്നതും മറ്റ് ചിലര്‍ വടി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് മര്‍ദ്ദിക്കാന്‍ സൗകര്യമൊരുക്കുന്നതും കാണാം. ചുറ്റുംകൂടി നില്‍ക്കുന്ന സ്ത്രീകള്‍, പെണ്‍കുട്ടിയോട് മോഷണം നടത്തിയെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.യുവാവ് വടികൊണ്ട് മര്‍ദ്ദിക്കുന്നത് തുടരുന്നതിനിടെ പെണ്‍കുട്ടി തല്ലരുതെന്ന് കേണപേക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മുടിയില്‍ വലിച്ചിഴച്ച് മര്‍ദ്ദനം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവയ്ക്കുകയും പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ കോണ്‍ഗ്രസ് നേതാവ് ട്വിറ്ററിലൂടെ അപലപിച്ചു. 'യുപിയില്‍ ദലിതര്‍ക്കെതിരെ പ്രതിദിനം ശരാശരി 34 അതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരെ 135 സംഭവങ്ങളും നടക്കുന്നു. എന്നിട്ടും നിങ്ങളുടെ ഭരണകൂടം ഉറങ്ങുകയാണ്' എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്ത കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളെ ഉണര്‍ത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നല്‍കി.

അതേസമയം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമത്തിനും എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് പ്രകാരവും ഉത്തര്‍പ്രദേശ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ നമന്‍ സോണി എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതായി അമേഠി പോലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച പ്രസ്താവനയില്‍ സര്‍ക്കിള്‍ ഓഫിസര്‍ അര്‍പിത് കപൂര്‍ അറിയിച്ചു. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it