Sub Lead

കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം; എട്ടുപേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം; എട്ടുപേര്‍ കൊല്ലപ്പെട്ടു
X

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ചയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 15ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയന്‍ അറിയിച്ചു. നീണ്ട പോരാട്ടം അവസാനിപ്പിക്കാന്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാരും സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം. കുറഞ്ഞത് രണ്ട് കാറുകളെങ്കിലും കത്തിയമര്‍ന്നതായും കറുത്ത പുക അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായും ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രാജ്യതലസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായതെന്നു സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ സ്‌ഫോടനമാണുണ്ടായതെന്നും പരിസരത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലസ്ഥാനത്ത് അടുത്തിടെ നടന്ന ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ് ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു.

രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. കാബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടെ ക്ലാസ് മുറികളില്‍ കയറി തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായും ഐഎസ് അവകാശപ്പെട്ടിരുന്നു.

കാബൂളിന് വടക്ക് യുഎസ് എയര്‍ബേസായ ബഗ്രാം എയര്‍ഫീല്‍ഡില്‍ ശനിയാഴ്ച അഞ്ച് റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നെങ്കിലും ആളപായമുണ്ടായിട്ടില്ല. ഗസ്‌നിക്കു സമീപം ഒരു മത ചടങ്ങിനടുത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച മോട്ടോര്‍ ബൈക്ക് പൊട്ടിത്തെറിച്ച് 15 കുട്ടികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഞായറാഴ്ച കാര്‍ ബോംബ് ആക്രമണമുണാടായത്. വെള്ളിയാഴ്ച ഖുര്‍ആന്‍ പാരായണത്തിനായി കുട്ടികള്‍ ഒത്തുകൂടിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധമില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്താനിലെ യുഎന്‍ മിഷന്റെ കണക്കനുസരിച്ച് ജനുവരി മുതല്‍ സപ്തംബര്‍ വരെയുണ്ടായ ആക്രമണങ്ങളില്‍ 2,100ലേറെ സാധാരണക്കാര്‍ കൊല്ലപ്പെടുകയും 3,800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സപ്തംബറില്‍ ആരംഭിച്ച സമാധാന ചര്‍ച്ചകള്‍ തുടരുകയാണ്. 2021 മെയ് മാസത്തോടെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം തുടങ്ങിയിരുന്നു.

Car Bomb Kills 8, Wounds 15 In Afghan Capital

Next Story

RELATED STORIES

Share it