Sub Lead

'ഒരു മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല'; ഡല്‍ഹി ആരോഗ്യമന്ത്രിക്കെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതി

ഒരു മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല; ഡല്‍ഹി ആരോഗ്യമന്ത്രിക്കെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിര്‍ദേശം നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ധാര്‍മിക തകര്‍ച്ച നേരിടുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നവരെയും മന്ത്രിയായി തുടരാന്‍ അനുവദിക്കണമോയെന്ന കാര്യം മുഖ്യമന്ത്രിയാണ് പരിഗണിക്കേണ്ടത്. സംസ്ഥാനത്തിന്റെ ഏറ്റവും നല്ല താല്‍പര്യം പരിഗണിച്ച് പ്രവര്‍ത്തിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കേണ്ടത് കോടതിയല്ല. നമ്മുടെ ഭരണഘടനയുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലെ പങ്കിനെക്കുറിച്ച് പ്രധാന ചുമതലയുള്ളവരെ ഓര്‍മിപ്പിക്കേണ്ടത് കോടതിയുടെ കടമയാണ് എന്നത് ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. മന്ത്രിസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട നയം രൂപീകരിക്കുന്നതിലും മുഖ്യമന്ത്രി തന്റെ വിവേചനാധികാരം വിനിയോഗിക്കുന്നു.

നല്ല ഭരണം നല്ല ആളുകളുടെ കൈകളില്‍ മാത്രമാണ്. നല്ലതോ ചീത്തയോ എന്താണെന്ന് വിധിക്കാന്‍ കോടതിക്ക് കഴിയില്ല. നമ്മുടെ ഭരണഘടനയുടെ ധാര്‍മികത സംരക്ഷിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഭരണഘടനാ പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കാന്‍ മാത്രമാണ് കോടതിക്ക് കഴിയുക. ഒരു ഭരണഘടന നല്ലതാണെങ്കിലും അത് തെറ്റായി വിനിയോഗിക്കുമ്പോഴാണ് മോശമായി മാറുന്നത്. ഭരണഘടനയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഭരണഘടനയുടെ സ്വഭാവത്തെ ആശ്രയിക്കുന്നില്ല.

ജനങ്ങളെ നയിക്കാന്‍ ആളുകളെ നിയമിക്കുമ്പോള്‍തന്നെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിത്തറയാവുന്ന അദ്ദേഹത്തിലുള്ള വിശ്വാസം മുഖ്യമന്ത്രി ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കോടതി ഓര്‍മപ്പെടുത്തി. ത്രിനഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നുതവണ ഡല്‍ഹി നിയമസഭാംഗമായ ഡോ. നന്ദ് കിഷോര്‍ ഗാര്‍ഗാണ് ഹരജി സമര്‍പ്പിച്ചത്. ഈ വര്‍ഷം മെയ് മുതല്‍ സത്യേന്ദ്ര ജെയിന്‍ കസ്റ്റഡിയിലാണെന്നും ഇക്കാരണത്താല്‍ കാബിനറ്റ് മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നും ഹരജിക്കാരനായ അഭിഭാഷകന്‍ വാദിച്ചു.

എല്ലാ ആനുകൂല്യങ്ങളോടും പ്രത്യേകാവകാശങ്ങളോടും കൂടി തന്നെ തുടരാന്‍ അനുവദിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നും 48 മണിക്കൂറിലധികം കസ്റ്റഡിയിലുള്ള ഏതൊരു 'സര്‍ക്കാര്‍ ഉദ്യോഗസ്ഥനും' സസ്‌പെന്‍ഷന്‍ നേരിടേണ്ടിവരുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധകമായ വ്യവസ്ഥയില്‍ മന്ത്രിമാര്‍ ഉള്‍പ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

കഴിഞ്ഞ മെയ് 30 നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it