കോണ്‍ഗ്രസ്സില്ലാത്ത എസ്പി-ബിഎസ്പി സഖ്യം ക്ലച്ച് പിടിക്കുമോ?
2014 മുതല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കുതിപ്പിന് കടിഞ്ഞാണിടാന്‍ സഖ്യത്തിന് സാധിക്കുമോ? ആന സൈക്കിളിലേറിയാല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് എത്ര സീറ്റ് കുറയും? എസ്പിയും ബിഎസ്പിയും ശനിയാഴ്ച തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതോടെ ഇതാണ് മുഖ്യ ചോദ്യം.

ന്യൂഡല്‍ഹി: ബിജെപിയെ തറപറ്റിക്കാന്‍ കാല്‍നൂറ്റാണ്ടിന് ശേഷം ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുമ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏത് രീതിയില്‍ സ്വാധീനിക്കുമെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ നേതൃത്വത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാണ് ബിജെപിക്കെതിരേ പോരിനിറങ്ങുന്നത്.
2014 മുതല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കുതിപ്പിന് കടിഞ്ഞാണിടാന്‍ സഖ്യത്തിന് സാധിക്കുമോ? ആന സൈക്കിളിലേറിയാല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് എത്ര സീറ്റ് കുറയും? എസ്പിയും ബിഎസ്പിയും ശനിയാഴ്ച തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതോടെ ഇതാണ് മുഖ്യ ചോദ്യം. കാരണം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 71 സീറ്റ് അവര്‍ക്കു ലഭിക്കാവുന്ന പരമാവധി സീറ്റാണ്. അവരുടെ സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ടു സീറ്റും കിട്ടിയിരുന്നു. എസ്പിക്ക് അഞ്ചു സീറ്റും കോണ്‍ഗ്രസ്സിന് രണ്ടു സീറ്റും അന്നു ലഭിച്ചപ്പോള്‍ ബിഎസ്പിക്ക് ഒരു സീറ്റും കിട്ടിയില്ല.
ബിജെപിയുടെ ഉറക്കം കെടുത്തും
എത്ര അനുകൂലമായ സാഹചര്യമുണ്ടായാലും ബിജെപിക്ക് 2014ലെ വിജയം നിലനിര്‍ത്താന്‍ കഴിയുമെന്ന് അവര്‍ തന്നെ കരുതുന്നില്ല. അന്ന് നിലനിന്ന മോദി തരംഗം ഇപ്പോഴില്ല. പൊതു തിരഞ്ഞെടുപ്പിന് 100 ദിവസം മാത്രം അകലെ പ്രഖ്യാപിക്കപ്പെട്ട ഈ സഖ്യം ബിജെപിയുടെ ഉറക്കം കെടുത്തുമെന്നത് ഉറപ്പ്.
കോണ്‍ഗ്രസ്സും കൂടി സഖ്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ യുപിയില്‍ ബിജെപിയുടെ പൊടിയുണ്ടാവില്ല എന്ന കാര്യം ഉറപ്പ്. എന്നാല്‍, കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി എന്ന് മാത്രമല്ല സഖ്യം പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ വിമര്‍ശിക്കാനാണ് മായാവതി മുതിര്‍ന്നത്. അതേ സമയം, അഖിലേഷ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ 80 സീറ്റുകളിലും മല്‍സരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു.
കോണ്‍ഗ്രസിനായി വാതിലുകള്‍ തുറന്നിട്ട്
അഖിലേഷും മായാവതിയും എഴുതിക്കൊണ്ട് വന്ന വരികളാണ് വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചതെന്നതിനാല്‍ കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രഖ്യാപനമെന്ന് വ്യക്തമാണ്. 80 സീറ്റുകളില്‍ ഇരു കക്ഷികളും 38 വീതം സീറ്റുകളിലാണ് മല്‍സരിക്കുക. ഒഴിച്ചിട്ട നാലെണ്ണത്തില്‍ രണ്ടെണ്ണം രാഹുലും സോണിയയും മല്‍സരിക്കുന്ന അമേഠിയും റായ് ബറേലിയുമാണ്. കോണ്‍ഗ്രസ് ഈ സഖ്യത്തിലില്ല എന്ന് പറയുമ്പോള്‍ത്തന്നെ അമേഠി, റായ്ബറേലി സീറ്റുകള്‍ ഒഴിച്ചിടുക വഴി വ്യക്തമായ സന്ദേശമാണ് ഈ സഖ്യം നല്‍കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ഒരു സഖ്യസാധ്യത തുറന്നിടുകയാണ് ഇതിലൂടെ.
മുസ്ലിം വോട്ടുകള്‍ നിര്‍ണായകം
കാണ്‍ഗ്രസിനു വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഈ സഖ്യം ഒരു സൗഹൃദ മത്സരമായിരിക്കും മുന്നോട്ടു വയ്ക്കുക. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ എസ്പിക്കും ബിഎസ്പിക്കും കോണ്‍ഗ്രസിനേക്കാള്‍ കുറച്ചു സീറ്റേ ലഭിച്ചിരുന്നുള്ളൂ. സാലിംപൂര്‍, ഹര്‍ദ്ദോയി, ബാരാബങ്കി, സുല്‍ത്താന്‍പൂര്‍, ബധോനി, അലിഗഡ്, ദൗരാനാ, ഉന്നാവോ എന്നിവയാണ് ഈ മണ്ഡലങ്ങള്‍.
മുസ്്‌ലിം വോട്ടുകളാണ് ഈ സഖ്യത്തിന്റെ വിജയ സാധ്യത നിര്‍ണയിക്കുന്നതെന്നതും മറ്റൊരു ഘടകമാണ്. സംസ്ഥാനത്തെ ബിജെപി വിരുദ്ധ വോട്ടുകളില്‍ നിര്‍ണായകമാണ് മുസ്ലിംകള്‍. മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിക്കാവും ഗുണം ചെയ്യുക. കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ തന്ത്രപരമായ ധാരണയുണ്ടാക്കിയെങ്കില്‍ മാത്രമേ ഇതിനെ മറികടക്കാനാവൂ.
കാല്‍ നൂറ്റാണ്ട്
എസ്പിയും ബിഎസ്പിയും ഒരുമിച്ചു ചേരുന്നത് 24 വര്‍ഷത്തിനു ശേഷമാണ്. 1993ല്‍ സഖ്യമുണ്ടാക്കുമ്പോള്‍ മുലായം സിങ് യാദവായിരുന്നു എസ്പിയുടെ തലപ്പത്ത്. ബിഎസ്പി സ്ഥാപക നേതാവ് കാന്‍ഷിറാമായിരുന്നു മറുഭാഗത്ത്. മായാവതിയും അഖിലേഷ് യാദവുമാണ് ഇപ്പോള്‍ സഖ്യം ഒപ്പിടുന്നത്.
1993ലെ സഖ്യത്തിനു ശേഷം മുലായം സിങ് യാദവാണ് മുഖ്യമന്ത്രിയായത്. 18 മാസങ്ങള്‍ക്കു ശേഷം മായാവതി സഖ്യത്തില്‍ നിന്ന് പിന്‍മാറി. 1985ല്‍ ലഖ്‌നോ ഗസ്റ്റ് ഹൗസില്‍ മായാവതിയെ എസ്പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത് ഇന്നും സഖ്യത്തിലെ കറുത്ത പാടായി അവശേഷിക്കുന്നു.
സമീപ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പ്പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എസ്പിയും ബിഎസ്പിയും ഒരുമിച്ചു വന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവച്ച ഗോരഖ്പൂര്‍ സീറ്റില്‍പ്പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഫുല്‍പുര്‍, കയ്‌റാന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി തോല്‍വി അറിഞ്ഞു.
ബിജെപിക്ക് പകുതി സീറ്റുകള്‍ കുറയും
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യുപി (80). ഇതില്‍ 71ലും ജയിച്ച ബിജെപിക്ക് ഇത്തവണ 36 മുതല്‍ 52 വരെ സീറ്റുകള്‍ കുറയും എന്നാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം നടത്തിയ സര്‍വേകളില്‍ കാണുന്നത്. ബി ജെപിക്ക് 48 സീറ്റ് വരെ കുറയാമെന്നും 23 സീറ്റുമായി തൃപ്തിപ്പെടേണ്ടി വരുമെന്നുമാണ് ഒരു സര്‍വേ. മറ്റൊരു സര്‍വേ ബിജെപിക്ക് നല്‍കിയിരിക്കുന്നത് 35 സീറ്റാണ്. ഇവ രണ്ടും വ്യക്തമാക്കുന്നത് ലോക്‌സഭയില്‍ 2014ലെ സംഖ്യാബലം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയില്ല എന്നാണ്.
മാത്രമല്ല 2014ല്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് അടുത്ത കാലത്ത് നടത്തിയ തിരിച്ചുവരവും ശക്തനായ നേതാവിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയും മോദിയുടെ രണ്ടാം വരവ് അത്ര എളുപ്പമാവില്ലെന്ന സൂചനകളാണ് നല്‍കുന്നത്.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT