Sub Lead

പുതുച്ചേരി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവുമോ ?; ബിജെപിക്കെതിരായ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി

പ്രചാരണ ആവശ്യങ്ങള്‍ക്കായി ബിജെപി വോട്ടര്‍മാരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ തെറ്റായി ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തില്‍ വോട്ടര്‍മാരെ ബന്ധിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകള്‍ അയക്കുകയും ചെയ്തുവെന്നാണ് പരാതി.

പുതുച്ചേരി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവുമോ ?; ബിജെപിക്കെതിരായ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കഴിയുമോ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി ചോദിച്ചു. പ്രചാരണ ആവശ്യങ്ങള്‍ക്കായി ബിജെപി വോട്ടര്‍മാരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ തെറ്റായി ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തില്‍ വോട്ടര്‍മാരെ ബന്ധിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകള്‍ അയക്കുകയും ചെയ്തുവെന്നാണ് പരാതി.

പുതുച്ചേരി തിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് മാറ്റിവയ്ക്കാന്‍ കഴിയാത്തതെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയത്തില്‍ അന്വേഷണം നടത്താനും പൂര്‍ണമായ റിപോര്‍ട്ട് മാര്‍ച്ച് 30ന് മുമ്പ് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായ ബിജെപി വലിയ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെടുന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന പരാതി ഉയര്‍ന്നത്.

അതേസമയം, ആരോപണത്തെ കോടതിയില്‍ നിയമപരമായി നേരിടുമെന്ന് ബിജെപി അറിയിച്ചു. ബിജെപിയില്‍ നിന്ന് വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ നേതാവ് എ ആനന്ദ് ഹരജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 950 ബൂത്തുകളിലും ഇത്തരം ഗ്രൂപ്പുകള്‍ രൂപപ്പെടുന്നതായി സ്വന്തം അന്വേഷണത്തില്‍നിന്ന് മനസ്സിലായതായി ആനന്ദ് പറഞ്ഞു. ഇത് വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കലാണ്. തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യലാണിത്. ഇത് സൈബര്‍ ഭീകരതയാണ്. അവര്‍ ഞങ്ങളെ വിളിച്ച് ബിജെപിയെ വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഗൂഗിള്‍ പേയും പേടിഎമ്മും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് എളുപ്പത്തില്‍ പണം കൈമാറ്റത്തിലൂടെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാം- ആനന്ദിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ച നടന്ന ഹിയറിങ്ങിനിടെ ഇത് ഗൗരവതരമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മതിയായ ഗൗരവത്തോടെ ഈ വിഷയം പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റെല്ലാ കാര്യങ്ങളും ഉന്നയിക്കുകയും അധികാരം വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണവും ഉടനടി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയുടെയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെയും ബെഞ്ച് നിര്‍ദേശിച്ചു. ആറ് എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു. രാജിവച്ചവരില്‍ രണ്ടുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്ക് ശേഷം പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it